കെ റെയില്‍ പദ്ധതി ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാട്: വി മുരളീധരന്‍

 

ന്യൂഡല്‍ഹി: കേരളത്തില്‍ നിലവില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കേന്ദ്ര റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വി മുരളീധരന്റെ പ്രതികരണം.

കെ- റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് താന്‍ റെയില്‍വേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും കേന്ദ്ര റെയില്‍ വകുപ്പ് മന്ത്രിയുമായും തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്തി സംസാരിച്ചു. കേരളത്തില്‍ അത്തരത്തില്‍ ഒരു പുതിയ റെയില്‍ പാത വേണ്ടെന്ന നിലപാടിലാണ് റെയില്‍ വകുപ്പെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയില്‍ സില്‍വര്‍ ലൈന്‍ പ്രൊജക്ടിനെതിരെ കടുത്ത എതിര്‍പ്പാണ് സംസ്ഥാനത്ത് ഉയരുന്നത്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് യു ഡി എഫ് ആവശ്യപ്പെടുന്നുണ്ട്. പാത കടന്നുപോകുന്ന ഇടങ്ങളിലെ ജനങ്ങളും പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. പദ്ധതി മറ്റൊരു വെള്ളാനയാവുമെന്നായിരുന്നു കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുതര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.