സ്വർണക്കൊള്ളയിൽ ഉന്നതർ നിരീക്ഷണത്തിൽ; പോറ്റിയുടെ ഫോൺ വിളികളിൽ പരിശോധന

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണ റഡാറിലേക്ക് കൂടുതൽ ഉന്നതർ. രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉന്നതർക്കും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം വ്യക്തമാകുന്ന ഫോൺരേഖകൾ എസ്ഐടിക്ക് ലഭിച്ചു. പണമിടപാട് രേഖകളും യാത്രാവിവരങ്ങളും പോറ്റി സൂക്ഷിച്ചിരുന്നത് ഫോണിലാണ്. കൊടിമര പുനപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരമെന്ന് രേഖകൾ.കൊടിമരം മാറ്റാന്‍ കാരണമായത് അനധികൃതമായി പെയിന്‍റടിച്ചതും ജീര്‍ണതയും കാരണമെന്ന് വ്യക്തമാക്കുന്ന ദേവപ്രശ്ന ചാർത്ത് ട്വന്റിഫോറിന് ലഭിച്ചു. പുനപ്രതിഷ്ഠയ്ക്ക് നിർദേശിച്ചത് യുഡിഎഫ് സർക്കാർ നിയോഗിച്ചത് എം വി ഗോവിന്ദൻ നായർ പ്രസിഡന്റായുള്ള ബോർഡാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോർഡാണ് തീരുമാനം നടപ്പാക്കിയതെന്നും രേഖകൾ വ്യക്തമാകുന്നു.

അതേസമയം ശബരിമല സ്വർണക്കൊള്ളയിലെ വ്യാപക റെയ്ഡിന് പിന്നാലെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഇഡി. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇഡി ഉടൻ ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ ബി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പാരഡിപ്പോരും രൂക്ഷമായ വാദപ്രതിവാദങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ട് പാടിക്കൊണ്ടും ഈ വരികളെഴുതിയ ബാനറുകള്‍ പിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ‘സ്വര്‍ണം കട്ടവരാരപ്പാ, കോണ്‍ഗ്രസാണേ അയ്യപ്പാ’ എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പ്രതിരോധിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പം സോണിയാ ഗാന്ധി നില്‍ക്കുന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സഭയില്‍ ഭരണപക്ഷത്തിന്റെ പ്രതിരോധം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു.