ഇന്നില്ല ഞെട്ടിക്കല്‍ കയറ്റം; സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഓരോ ദിവസവുമെന്നോണം കുതിച്ചുകയറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 5480 രൂപ വര്‍ധിച്ച സ്വര്‍ണത്തിന് ഇന്ന് പവന് 1680 രൂപ ഇടിഞ്ഞു. ഗ്രാമിന് 210 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,145 രൂപയായി. 1,13,160 രൂപയാണ് സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില. (gold rate falls kerala january 22, 2026). യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നത് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കിയതാണ് സംസ്ഥാനത്തും പൊന്നിന്റെ വിലയില്‍ ആശ്വാസമേകിയിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡിന്റെ പേരില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന ഭീഷണിയില്‍ നിന്ന് ട്രംപ് പിന്മാറുന്നുവെന്ന സൂചനയും ഇന്ന് പുറത്തുവന്നിരുന്നു. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ നിലനിന്നിരുന്ന ആശങ്കകളെ ലഘൂകരിക്കുകയും ഇതും സ്വര്‍ണവില കുറയുന്നതിന് കാരണമാകുകയും ചെയ്തതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ലാഭമെടുപ്പിന്റേതായ തിരുത്തല്‍ വന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. പണിക്കൂലിയും ജി എസ് ടിയും ചേര്‍ത്ത് ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്ന് 1,21,000 രൂപയിലേറെ നല്‍കണം. വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുകയാണ്.