തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റില്‍ എത്തിയാണ് പത്രിക നല്‍കിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ വിക്ക് മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. വിവാദങ്ങള്‍ പ്രചരണത്തിന് തടസമായെന്ന് വൈഷ്ണ സുരേഷ് പ്രതികരിച്ചു. പത്തു ദിവസമാണ് നഷ്ടമായത്. അതൊക്കെ മറികടക്കും. വാര്‍ഡിലെ ജനങ്ങളോട് വിവാദങ്ങളെ കുറിച്ചല്ല പറയാനുള്ളതെന്നും വൈഷ്ണ പറഞ്ഞു.
അതേസമയം, വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.ഐ.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.ഐ.എം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.ഐ.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആരോപിച്ചു. പതിമൂന്നാം തീയതി രാത്രി മേയര്‍ നഗരസഭയില്‍ വന്നു എന്നും അവരുടെ സമ്മര്‍ദത്തിന്റെ ഫലമായി പേര് വെട്ടിച്ചു എന്നുമൊരു വാര്‍ത്ത നഗരസഭയിലുള്ള കോണ്‍ഗ്രസ് യൂണിയന്റെ ആളുകള്‍ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.






