മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പുതിയ ബെഞ്ചിലേക്ക്

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ബെഞ്ചാണ് വാദം കേള്‍ക്കുക. കേസ് പരിഗണിക്കുന്നതില്‍ നേരത്തെ രണ്ട് ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബെഞ്ചിലേക്ക് കേസ് എത്തിയത്.

മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, എക്‌സാലോജിക്, സിഎംആര്‍എല്‍ അടക്കമുള്ള കമ്പനികള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. എല്ലാവരും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

കേസില്‍ വാദം കേള്‍ക്കാമെന്ന് പറഞ്ഞ ഘട്ടത്തിലാണ് രണ്ട് ജഡ്ജിമാര്‍ പിന്മാറുന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയ ബെഞ്ചിലേക്ക് കേസ് എത്തിയിരിക്കുന്നത്. വിശദമായ വാദം ഡിസംബര്‍ ഒന്നിന് കേള്‍ക്കും.