Headlines

കണ്ണൂർ സിപിഐഎമ്മിൽ തിരുത്തൽ ഏത് വിധം? അച്ചടക്കത്തിന്റെ വാൾ ശക്തമായി വീശുമോ?

കണ്ണൂർ: സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷം രാഷ്ട്രീയമായി ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് കണ്ണൂർ ജില്ലയാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള പി ജയരാജന്റെ വരവാണ് അതിൽ ഒന്നാമത്തേത്. സെക്രട്ടേറിയറ്റ് പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പറഞ്ഞ പി ജയരാജൻ, ഇഡി കേസിൽ ഉൾപ്പെടെ പിണറായി വിജയന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രക്തസാക്ഷി ഫണ്ട് വിവാദം, സ്ഥാനാർഥി നിർണയത്തിലെ വീഴ്ച തുടങ്ങി ഒട്ടേറെ വിമർശനം കേട്ട കണ്ണൂർ സിപിഐഎമ്മിൽ തിരുത്തൽ ഏത് വിധമായിരിക്കും എന്നതാണ് ആകാംക്ഷ.

പാർട്ടിയിൽ തിരുത്തൽ വേണമെന്നും അത് ജനങ്ങൾക്ക് ബോധ്യമാകണം എന്നുമുളള നിഷ്കർഷയിലാണ് സിപിഐഎം കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നടപടി എടുത്തത്.ഈ രീതി ജില്ലാ വിശാല കമ്മിറ്റികളിലും ആവർത്തിക്കുമെന്നും ഉറപ്പാണ്.ഇതോടെ സംഘടനാ നേതൃത്വത്തിൻെറ പാളിച്ചയിൽ തോറ്റ് നിലംപരിശായ ജില്ലകളിൽ നേതൃത്വത്തിൻെറ തലയുരുളും.കണ്ണൂരിലാണ് അച്ചടക്കത്തിന്റെ വാൾ ശക്തമായി വീശാൻ സാധ്യത.

വലിയ എതിർപ്പ് നേരിടുന്ന കെ.കെ. രാഗേഷ് നടപടി നേരിടുകയോ സ്ഥാനഭ്രഷ്ടനാകുകയോ ചെയ്താൽ അത്ഭുതപ്പെടേണ്ടതില്ല. ജനങ്ങളിൽ നിന്നുളള അഭിപ്രായം സ്വീകരിച്ചുളള നടപടിക്കാണ് വിപുലീകൃത സംസ്ഥാന സമിതി തുടക്കം കുറിച്ചിരിക്കുന്നത്. ജനവികാരം ഉൾക്കൊണ്ടുളള തീരുമാനങ്ങളാകും ജില്ലകളിലും സംഭവിക്കാൻ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഉൾക്കൊണ്ട് പാർട്ടിതിരുത്തലിന് സന്നദ്ധമാകുകയും അത് നടപ്പാക്കി തുടങ്ങുകയും ചെയ്തിരിക്കുന്നു.