Headlines

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

കോഴിക്കോട്: തിരുത്തൽ നടപടികളിലേക്ക് കടക്കാനുള്ള സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം. മുതിർന്ന നേതാവ് പാലോളി മുഹമ്മദുകുട്ടി പതാക ഉയർത്തി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും. പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തെ പ്രതിരോധിച്ചാണ് നേതാക്കളുടെ പ്രതികരണം.

തിരഞ്ഞെടുപ്പ് തിരിച്ചടികൾ മറികടന്ന് ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുളള ചർച്ചകളും തീരുമാനങ്ങളും ആയിരിക്കും വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ഉണ്ടാകുക. എൽഡിഎഫ് സർക്കാർ താരതമ്യേനെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിട്ടും പാർട്ടി ഈ രീതിയിൽ പരാജയപ്പെട്ടത് സംഘടനയിലെ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടുന്നു എന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി അംഗങ്ങൾക്ക് സംഘടനാകാര്യങ്ങളിലും പ്രത്യയ ശാസ്ത്രകാര്യങ്ങളിലും കൃത്യമായി വിദ്യാഭ്യാസം നൽകണമെന്നാണ് മാർഗരേഖ നിർദേശിക്കുന്നത്.

ജില്ലാ പ്രതിനിധികൾ മാത്രമാണ് യോഗത്തിൽ പങ്കെടുക്കുക. അതിനാൽ ചർച്ചയിലെ വിവരങ്ങൾ ചോരുന്നത് പ്രതിരോധിക്കാൻ ജില്ലാ നേതൃത്വങ്ങൾക്ക് പാർട്ടി നേതൃത്വം കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും വർഗ ബഹുജന സംഘടനകളിലെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി അംഗങ്ങളും അടക്കം 307 പ്രതിനിധികളാണ് വിപുലീകൃത സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നത്.