തിരുവനന്തപുരം ∙ എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ. നന്ദനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കന്റോൺമെന്റ് സ്റ്റേഷനിലെ എസ്ഐ ജി.ഗോകുലിനെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. നന്ദനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ എസ്ഐയുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചെന്നും ഫോൺ സംഭാഷണത്തിൽ ആഭ്യന്തരമന്ത്രിയുടെ പേര് പരാമർശിച്ചത് അനുചിതമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി.കൃഷ്ണയ്ക്ക് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് ബാബു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ എസ്ഐയുടെ വിശദീകരണം കേട്ടശേഷം അച്ചടക്കനടപടി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞയാഴ്ച എസ്എഫ്ഐ പ്രവർത്തകർക്കു നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് എസ്ഐയുടെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഫോൺകോൾ.
∙ ‘നിർബന്ധിത അവധി’: വാർത്ത നിഷേധിച്ച് കമ്മിഷണർ
ഇടതുസംഘടനകളുടെ പ്രതിഷേധങ്ങൾക്കിടെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സിഐയും എസ്ഐയും നിർബന്ധിത അവധിയിൽ പ്രവേശിച്ചെന്ന വാർത്ത നിഷേധിച്ച് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി.കൃഷ്ണ. സിഐ സതീഷ് കുമാറും എസ്ഐ ജി.ഗോകുലും 3 ദിവസത്തെ അവധിയിൽ പ്രവേശിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നടന്ന ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രതിഷേധ മാർച്ചുകൾ നടക്കുന്നതിനിടെയാണ് വാർത്ത പ്രചരിച്ചത്.വ്യക്തിപരമായ ആവശ്യത്തിന് ഇന്നലെ ഒരു ദിവസത്തെ അവധിക്ക് സതീഷ് കുമാർ നേരത്തേ അപേക്ഷ നൽകിയിരുന്നെന്നും ഇന്നു തിരികെ പ്രവേശിക്കുമെന്നും കമ്മിഷണർ പറഞ്ഞു. എസ്ഐ ഗോകുൽ പോക്സോ കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് 3 ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുകയാണെന്നും കമ്മിഷണർ വിശദീകരിച്ചു. സിഐയുടെ അഭാവത്തിൽ ഇന്നലെ ഒരു ദിവസത്തേക്കു മാത്രം നർകോട്ടിക് വിഭാഗം സിഐക്ക് കന്റോൺമെന്റ് സ്റ്റേഷനിലെ അധികച്ചുമതല നൽകിയെന്നാണു പൊലീസ് വിശദീകരണം.




