ചെന്നൈ ∙ വളകാപ്പ് ചടങ്ങിന്റെ ഉദ്ഘാടന വേദിയിൽ വിളക്ക് തെളിക്കാനുള്ള മെഴുകുതിരി കോൺഗ്രസ് എംപിയിൽ നിന്നു ടിവികെ എംഎൽഎ ബലമായി വാങ്ങിയതിനെച്ചൊല്ലി ബഹളം. മന്ത്രി എസ്.രമേശ് തിരിതെളിച്ചതിനു ശേഷം കലക്ടറും 2 ടിവികെ എംഎൽഎമാരും ദീപം കൊളുത്തി. തുടർന്നു കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലകിനു മെഴുകുതിരി കൈമാറിയതാണു തിരുവെരുമ്പൂർ എംഎൽഎ നവൽപെട്ട് എസ്.വിജിയെ ചൊടിപ്പിച്ചത്. ഞാനാണു തിരി തെളിക്കേണ്ടതെന്നും എംപിയുടെ ഊഴത്തിനു ശേഷമാണെങ്കിൽ നിങ്ങൾ തന്നെ കത്തിക്കണമെന്നും മന്ത്രിയോട് എംഎൽഎ പറഞ്ഞു. ഇതാണോ പ്രോട്ടോകോൾ എന്നും രോഷത്തോടെ ചോദിച്ചു. എന്തിനാണു വിളിച്ചതെന്നു ചോദിച്ച എംഎൽഎ മെഴുകുതിരി നിലത്തിട്ടു. ബഹളത്തിൽ ക്രിസ്റ്റഫർ തിലക് എംപി മൗനം പാലിച്ചു.പിന്നീടു മന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് എംഎൽഎ തിരിതെളിക്കാൻ തയാറായത്. ചടങ്ങിൽ പങ്കെടുത്ത ഗർഭിണികൾ മന്ത്രിയോടും എംഎൽഎമാരോടും ഒപ്പം ഫോട്ടോ എടുക്കുന്നതിനിടെയും പ്രോട്ടോക്കോൾ പ്രകാരമുള്ള ബഹുമാനം ലഭിച്ചില്ലെന്നു നവൽപെട്ട് വിജി പരാതിപ്പെട്ടു. സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി തിരുച്ചിറപ്പള്ളിയിൽ 240 ഗർഭിണികൾ പങ്കെടുത്ത ചടങ്ങിലാണു ബഹളമുണ്ടായത്.
The Best Online Portal in Malayalam



