ലെസ്റ്റർ/ഇടുക്കി∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച മകളെ ആദ്യമായി സ്കൂളിൽ വിടാനിരുന്നതിന്റെ തലേന്ന് അച്ഛനെ തേടി അപ്രതീക്ഷിത മരണം. ഇടുക്കി പീരുമേട് പാമ്പനാർ സ്വദേശി ക്രിസ്റ്റഫർ ദൈവസഹായം (48) ആണ് ലെസ്റ്ററിൽ ഹൃദയാഘാതം മൂലം മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു മരണം.
ക്രിസ്റ്റഫറിന്റെ വിയോഗം യുകെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി. ഏകദേശം അഞ്ച് വർഷം മുൻപാണ് ക്രിസ്റ്റഫറും കുടുംബവും യുകെയിലെത്തിയത്. ലെസ്റ്ററിലെ സ്വകാര്യ റസ്റ്റോറന്റിലെ ജീവനക്കാരനായിരുന്ന ക്രിസ്റ്റഫർ കഴിഞ്ഞ മൂന്ന് വർഷമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
മൂന്ന് വയസ്സുകാരിയായ മകൾ റെയ്‌ലിൻ ക്രിസ്റ്റഫറിനെ പരിചരിക്കുന്നതിനും വളർത്തുന്നതിനുമായി തന്റെ പൂർണസമയവും അദ്ദേഹം മാറ്റിവച്ചിരിക്കുകയായിരുന്നു. ലെസ്റ്ററിലെ സ്കൂളുകളിൽ കുട്ടികളുടെ പ്രവേശനത്തിന്റെ ആദ്യദിനം ബുധനാഴ്ചയായിരുന്നു. മകളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് സാക്ഷിയാകാൻ കാത്തിരുന്ന അച്ഛന്റെ വേർപാട് കുടുംബത്തിന് താങ്ങാനാകാത്ത വേദനയായി.
∙ അഞ്ച് വർഷത്തെ യുകെ ജീവിതം പൂർത്തിയാകാനിരിക്കെ വിടപറയൽ
ഏകദേശം അഞ്ച് വർഷം മുൻപ് കുടുംബവുമായി യുകെയിലെത്തിയ ക്രിസ്റ്റഫർ ലെസ്റ്ററിൽ കുടുംബജീവിതം കെട്ടിപ്പടുക്കുന്നതിനിടെയാണ് വിടപറഞ്ഞത്. ലെസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സാണ് ഭാര്യ മേനക എബ്രഹാം. തിരുവനന്തപുരം സ്വദേശിനിയായ മേനകയും മൂന്ന് വയസ്സുകാരിയായ മകൾ റെയ്‌ലിനും ചേർന്ന കുടുംബത്തിന് ക്രിസ്റ്റഫറിന്റെ വേർപാട് തീരാനഷ്ടമായി. മകളുടെ വളർച്ചയിൽ ഒപ്പമുണ്ടാകുന്നതിനായി ജോലി പോലും ഉപേക്ഷിച്ച ക്രിസ്റ്റഫർ കുടുംബത്തിനായി പൂർണസമയവും മാറ്റിവച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച മകളുടെ സന്തോഷങ്ങളും വളർച്ചയിലെ ഓരോ നിമിഷങ്ങളും ഒപ്പമിരുന്ന് കാണണമെന്ന ആഗ്രഹത്തിനിടെയാണ് ജീവിതം പാതിവഴിയിൽ അവസാനിച്ചത്.
∙ സഹോദരങ്ങളാണ് ക്രിസ്റ്റഫറിനെ വളർത്തിയത്
ക്രിസ്റ്റഫറിന്റെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. തുടർന്ന് സഹോദരങ്ങളാണ് അദ്ദേഹത്തെ വളർത്തിയത്. പ്രതിസന്ധികളെ അതിജീവിച്ച് യുകെയിലെത്തിയ അദ്ദേഹം ലെസ്റ്ററിൽ കുടുംബത്തോടൊപ്പം ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. സ്നേഹത്തോടെയും വിനയത്തോടെയും എല്ലാവരോടും ഇടപെട്ടിരുന്ന ക്രിസ്റ്റഫർ ലെസ്റ്ററിലെ മലയാളി സമൂഹത്തിൽ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
∙ സംസ്കാരം നാട്ടിൽ നടത്താൻ ആലോചന, പിന്തുണയുമായി മലയാളി സംഘടനകൾ
ക്രിസ്റ്റഫറിന്റെ സംസ്കാരം നാട്ടിൽ നടത്തുന്നതിനുള്ള നടപടികളെക്കുറിച്ച് കുടുംബം ആലോചിച്ചുവരികയാണ്. ഇക്കാര്യത്തിൽ ലെസ്റ്ററിലെ മലയാളി അസോസിയേഷനുകളും മറ്റ് മലയാളി കൂട്ടായ്മകളും കുടുംബത്തിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മകളുടെ കൈപിടിച്ച് അവളുടെ ആദ്യ സ്കൂൾ ദിനത്തിൽ കൂടെ നിൽക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ക്രിസ്റ്റഫർ യാത്രയായത്. അച്ഛന്റെ സ്നേഹവും കരുതലും ഓർമകളായി ബാക്കിവെച്ച്, ഭാര്യ മേനകയെയും കുഞ്ഞിനെയും പ്രിയപ്പെട്ടവരെയും കണ്ണീരിലാഴ്ത്തിയാണ് ക്രിസ്റ്റഫർ ദൈവസഹായത്തിന്റെ മടക്കം.








