ന്യൂഡൽഹി∙ സീ ഗ്രൂപ്പ് സ്ഥാപകനും മുൻ എംപിയുമായ സുഭാഷ് ചന്ദ്ര വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ അടയ്ക്കാനുള്ള തുകയ്ക്ക് ഇളവ് നൽകി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി). ബാങ്കുകൾ ഉൾപ്പെടെയുള്ളവർക്ക് നൽകാനുള്ള 22,006.57 കോടി രൂപയിൽ 6.5 കോടി രൂപ തിരിച്ചടച്ചാൽ മതിയെന്നാണ് ഉത്തരവ്.
ഇതോടെ, കടം നൽകിയ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും നൽകിയ തുകയുടെ 99.97 ശതമാനത്തോളം തള്ളിക്കളയേണ്ടി വരും. ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് നൽകിയ കേസിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. സുഭാഷ് ചന്ദ്രയുടെ സ്ഥാപനമായ വിവേക് ഇൻഫോകോണിന് വേണ്ടി 170 കോടി രൂപ ലോൺ എടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് എൻസിഎൽടിയെ സമീപിച്ചത്. ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗം അശോക് കുമാർ ഭരദ്വാജിന്റെയും ടെക്നിക്കൽ അംഗം റീന സിൻഹ പുരിയുടേയും ഭിന്നവിധിയെ തുടർന്ന് വിഷയം എൻസിഎൽടി പ്രസിഡന്റ് നിയോഗിച്ച മൂന്നാമത്തെ അംഗമായ നിലേഷ് ശർമയ്ക്ക് മുന്നിലെത്തുകയായിരുന്നു. അദ്ദേഹം ഈ തിരിച്ചടവ് പദ്ധതി അംഗീകരിച്ചു.
നിരവധി ബാങ്കുകളും സ്ഥാപനങ്ങളും ഈ നിർദേശത്തെ എതിർത്തു. തങ്ങൾക്ക് ലഭിക്കുന്ന തുക വളരെ തുച്ഛമാണെന്ന് എൽഐസി ഹൗസിങ് ഫിനാൻസ് വാദിച്ചു. അവകാശപ്പെട്ട 1,322.39 കോടി രൂപയ്ക്ക് പകരം എൽഐസിക്ക് ലഭിക്കുന്നത് 38 ലക്ഷം രൂപ മാത്രമാണ്. സുഭാഷ് ചന്ദ്രയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനികൾ തിരിച്ചടവ് പ്ലാനിനെ പിന്തുണച്ചു. തീരുമാനം എടുക്കാനായി വോട്ടിങ് നടത്തുമ്പോൾ സുഭാഷ് ചന്ദ്രയുമായി ബന്ധമുള്ള കമ്പനികളുടെ വോട്ട് വിഹിതം കണക്കിലെടുക്കരുതെന്നു ബാങ്കുകൾ വാദിച്ചിരുന്നു. എന്നാൽ ഇവരെ വോട്ടിങിൽ ഉൾപ്പെടുത്തി. തിരിച്ചടവ് പ്ലാനിന് 80.814% പിന്തുണ ലഭിച്ചിട്ടുള്ളതിനാൽ ഉത്തരവിറക്കുകയല്ലാതെ ട്രൈബ്യൂണലിന് മുന്നിൽ മറ്റ് വഴികളില്ലെന്നു 144 പേജുള്ള ഉത്തരവിൽ പറയുന്നു.








