ഒമാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു; അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ ഉറ്റവർ

മസ്‌കത്ത്∙ ഒമാനിലെ മസ്‌കത്ത്, അല്‍ ഹെയിലില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തുരവൂര്‍ സ്വദേശി ഷബീര്‍ ബഷീര്‍ (35) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.ജിഫ്‌നൈന്‍ ചലഞ്ചേഴ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷബീര്‍, മത്സരത്തിനിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയും സിപിആറും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.14 വര്‍ഷമായി ഒമാനില്‍ പ്രവാസജീവിതം നയിച്ചിരുന്ന ഷബീര്‍, ഇലക്ട്രോമാന്‍ എല്‍എല്‍സിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും ഒരു മകനും മസ്‌കത്തില്‍ അദ്ദേഹത്തോടൊപ്പമാണ് താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഷബീറിന്റെ അപ്രതീക്ഷിത വിയോഗം ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെയും കായിക പ്രേമികളെയും ദുഃഖത്തിലാഴ്ത്തി.