പത്തനംതിട്ട∙ ആറന്മുള വള്ളസദ്യ കഴിക്കുന്നതിനായി പാസ് നൽകാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയതിന് ആറന്മുള പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഹരിപ്പാട് സ്വദേശിനിയായ യുവതിക്ക് 2000 രൂപ നഷ്ടമായതായി പരാതി ലഭിച്ചിരുന്നു.ആറന്മുള ക്ഷേത്ര ജീവനക്കാരനാണ് എന്ന് അവകാശപ്പെട്ട് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ നാലു പേർക്ക് ആറന്മുള വള്ളസദ്യ കഴിക്കുന്നതിനുള്ള പാസ് നൽകാമെന്ന് അറിയിച്ചു. അതിനായി 2000 രൂപ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. പണം അയച്ച ശേഷം വള്ളസദ്യ കഴിക്കുന്നതിനായി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കുന്നത്. തുടർന്ന് ഇവർ ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ഭാരതീയ ന്യായ സംഹിത അനുസരിച്ച് വഞ്ചനാക്കുറ്റത്തിനും, ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകളും ചേർത്ത് കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണത്തിനായി ആറന്മുള സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. തട്ടിപ്പ് നടത്തിയ വ്യക്തിയുടെ വിവരങ്ങൾ ശേഖരിച്ചതായും പ്രതിയെ ഉടൻതന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ആറന്മുള വള്ളസദ്യ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പൊലീസ് കേസെടുത്തു







