ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് നല്‍കിയത് ആചാര ലംഘനമെന്ന് തന്ത്രി. ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കി. പരിഹാരക്രിയ ചെയ്യണമെന്നാണ് നിര്‍ദേശം.
മന്ത്രി പി പ്രസാദിനും വി എന്‍ വാസവനുമാണ് ദേവന് നേദിക്കുന്നതിന് മുന്‍പ് വള്ളസദ്യ നല്‍കിയത്.
അഷ്ടമി രോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് രഹസ്യമായി അല്ലാതെ പരസ്യമായി ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
11 പറ അരിയുടെ സദ്യ വയ്ക്കണമെന്നും തിടപ്പള്ളിയില്‍ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും ഉണ്ടാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സദ്യ ദേവന് സമര്‍പ്പിച്ച ശേഷം എല്ലാവര്‍ക്കും വിളമ്പണം. ഇനി ഇത്തരം ഒരു അബദ്ധം ഉണ്ടാവില്ലെന്നും വരുംകാലങ്ങളില്‍ വിധിപരമായി സദ്യ നടത്തിക്കൊള്ളാം എന്നും സത്യം ചെയ്യണമെന്നും നിര്‍ദേശിച്ചു.