Headlines

അഞ്ചാം ലോക കേരള സഭ: കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്ക് കരുത്തായി പതിനൊന്നംഗ പ്രതിനിധികള്‍

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് കുവൈറ്റില്‍ നിന്നുള്ള പ്രതിനിധികളെ പ്രഖ്യാപിച്ചു. 2026 ജനുവരി 29 മുതല്‍ 31 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന ഉന്നതതല സമ്മേളനത്തില്‍ കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, വ്യാപാര മേഖലകളില്‍ നിന്നുള്ള പത്ത് പ്രമുഖര്‍ പങ്കെടുക്കും.നാലാം ലോക കേരള സഭയില്‍ അംഗമായിരുന്ന കേരള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം മണിക്കുട്ടന്‍ എടക്കാട്ടിനെ അഞ്ചാം ലോക കേരള സഭയിലേക്കും വീണ്ടും തിരഞ്ഞെടുത്തു. അതോടൊപ്പം കേന്ദ്ര കമ്മിറ്റി അംഗവും കുവൈറ്റിലെ മികച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് മാരില്‍ പ്രമുഖനുമായ വിനോദ് വലൂപറമ്പിലിനെയും ഇത്തവണ സഭയിലേക്ക് തിരഞ്ഞെടുത്തു.പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇവര്‍ക്ക് സാധിക്കുമെന്നും കേരള അസോസിയേഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. (loka kerala sabha Eleven delegates from kuwait).പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി രൂപംകൊണ്ട സഭയിലേക്ക് കല കുവൈറ്റില്‍ നിന്നും വനിതാവേദിയില്‍ നിന്നുമായി ജെ. സജി (മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി), ടി വി ഹിക്മത് (കല കുവൈറ്റ് ജനറല്‍ സെക്രട്ടറി), സി കെ നൗഷാദ് (കല കുവൈറ്റ് മുന്‍ ഭാരവാഹി, സാമൂഹ്യ പ്രവര്‍ത്തകന്‍), കവിത അനൂപ് (വനിതാവേദി ജനറല്‍ സെക്രട്ടറി) എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ സംഘടന നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് കല കുവൈറ്റ് ഇതിനെ കാണുന്നത്.കുവൈറ്റിലെ ആരോഗ്യ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒ യുമായ മുസ്തഫ ഹംസയെ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സഭയിലേക്ക് തിരഞ്ഞെടുത്തത്. കുവൈറ്റിലെ എല്ലാ പ്രവാസി സംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലും പ്രവാസികളുടെ ആരോഗ്യപ്രശ്‌നങ്ങളിലും തൊഴില്‍പരമായ ബുദ്ധിമുട്ടുകളിലും ക്രിയാത്മകമായി ഇടപെടുന്ന അദ്ദേഹം, പ്രവാസികളുടെ ശബ്ദം സര്‍ക്കാരിലേക്ക് എത്തിക്കാനുള്ള മികച്ച വേദിയായി സഭയെ കാണുന്നു. ആധുനിക ആരോഗ്യസേവനങ്ങള്‍, മെഡിക്കല്‍ മാനേജ്‌മെന്റ്, നൂതന ചികിത്സാ സംവിധാനങ്ങള്‍ എന്നിവയില്‍ കുവൈറ്റ്, യുഎഇ എന്നിവിടങ്ങളില്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങള്‍ ലോക കേരള സഭയിലെ ചര്‍ച്ചകള്‍ക്ക് വിലപ്പെട്ട സംഭാവനയായിരിക്കും.ലോക കേരള സഭ വേദിയില്‍ ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, നിക്ഷേപ സാധ്യതകള്‍, മെഡിക്കല്‍ ടൂറിസം, പ്രവാസി മലയാളികളുടെ ആരോഗ്യ ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളില്‍ മുസ്തഫ ഹംസയുടെ അനുഭവസമ്പത്തും ദര്‍ശനവും നിര്‍ണായകമായ സംഭാവന നല്‍കുമെന്നാണ് വിലയിരുത്തല്‍.

കുവൈറ്റിലെ കേരളീയ പ്രവാസി ബിസിനസ്-പ്രഫഷണല്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (IBPC) സെക്രട്ടറി സുരേഷ് കെ പി അഞ്ചാം ലോകകേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടായി ഇന്ത്യ-കുവൈറ്റ് വ്യാപാരബന്ധങ്ങള്‍ക്കും പ്രവാസി ക്ഷേമത്തിനുമായി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്.കുവൈറ്റിലെ ഇന്ത്യന്‍ പ്രൊഫഷണലുകളുടെയും വ്യവസായികളുടെയും ആശങ്കകളും ആശയങ്ങളും ക്രമബദ്ധവും നിര്‍മാണാത്മകവുമായ രീതിയില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കുന്നതിനുള്ള ഒരു സ്ഥാപനാത്മക വേദിയായി ഐ.ബി.പി.സി കുവൈറ്റ് സ്ഥിരമായി പ്രവര്‍ത്തിച്ചുവരുന്നു. ലോക കേരള സഭയിലേക്കുള്ള ഈ തിരഞ്ഞെടുപ്പ്, പ്രവാസി സംഘടനകളും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ തുടര്‍ച്ചയായാണ് കണക്കാക്കപ്പെടുന്നത്.

ആദ്യ ലോക കേരള സഭ മുതല്‍ അംഗമായി തുടരുന്ന ബാബു ഫ്രാന്‍സീസ് (എന്‍സിപി വര്‍ക്കിംഗ് കമ്മിറ്റി അംഗം) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിലും, പ്രവാസി ഗര്‍ഭിണികളെയും നിര്‍ധനരെയും നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിയമപോരാട്ടം നടത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമാണ്. കുവൈറ്റിലെ പ്രമുഖ സാമൂഹികഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ സത്താര്‍ കുന്നില്‍ രണ്ടാം തവണയും സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നോര്‍ക്ക സേവനങ്ങളെക്കുറിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിക്കുന്നു.

കുവൈറ്റില്‍ താമസിക്കുന്ന മലയാളി പ്രൊഫഷണലുകള്‍ക്കിടയില്‍ പ്രൊഫഷണല്‍ മികവ്, അറിവ് പങ്കിടല്‍, കമ്മ്യൂണിറ്റി വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സാമൂഹികപ്രൊഫഷണല്‍ സംഘടനയായ പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്) ന്റെ പ്രതിനിധിയായി ജനറല്‍ സെക്രട്ടറി ഷാജി മഠത്തില്‍ അഞ്ചാം ലോക കേരളസഭയില്‍ പങ്കെടുക്കുന്നുണ്ട്.കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ പ്രതിസന്ധികളും ആവശ്യങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കാനും പരിഹാരം കണ്ടെത്താനും ഈ പതിനൊന്നംഗ സംഘത്തിന് സാധിക്കുമെന്ന് പ്രവാസി സമൂഹം പ്രത്യാശിക്കുന്നു. ജനുവരി 29ന് ആരംഭിക്കുന്ന ഈ സമ്മേളനത്തില്‍ കുവൈറ്റിന്റെ സജീവമായ സാന്നിധ്യവും ക്രിയാത്മകമായ ചര്‍ച്ചകളും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് കുവൈറ്റിലെ പ്രവാസി മലയാളികള്‍.