പ്രഭാത വാർത്തകൾ

 

🔳കെ റെയില്‍ പദ്ധതിക്കെതിരെ രണ്ടാം ഘട്ട സമരവുമായി കോണ്‍ഗ്രസ്. കര്‍ഷക സമരത്തിന്റെ മാതൃകയില്‍ മഹാപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് പറയാനാകുമോ? കുറ്റിയടിക്കുന്നത് സര്‍വ്വേയ്ക്കല്ല, ഭൂമി ഏറ്റെടുക്കാനാണ്. സര്‍വ്വേ തടയില്ല. പക്ഷേ കുറ്റിയടിക്കാന്‍ സമ്മതിക്കില്ല. സുധാകരന്‍ പറഞ്ഞു.

🔳സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ ചെലവഴിച്ച് കൈപ്പുസ്തകം പുറത്തിറക്കുന്നു. സില്‍വര്‍ ലൈന്‍, അറിയേണ്ടതെല്ലാം എന്ന പേരില്‍ 50 ലക്ഷം പ്രിന്റ് ചെയ്ത കൈപ്പുസ്തകങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുക.

 

🔳കെഎസ്ഇബിയിലെ ഇടതു യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പിലേക്ക്. സമര സമിതി നേതാക്കളും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി. അശോകുമായി ഇന്നു ചര്‍ച്ച നടത്തിയശേഷം തീരുമാനമുണ്ടാകും. വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തിന് എസ്ഐഎസ്എഫ് സുരക്ഷ വേണ്ടെന്ന യൂണിയനുകളുടെ തീരുമാനം നടപ്പാക്കാനാണു നീക്കം.

🔳വിഭാഗീയത അവസാനിച്ചെങ്കിലും ചില ജില്ലകളില്‍ പ്രശ്നങ്ങളുണ്ടെന്ന് സിപിഎം കരട് റിപ്പോര്‍ട്ട്. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് സംഘടനാ പ്രശ്നങ്ങള്‍. സിപിഎം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖയും റിപ്പോര്‍ട്ടിലുണ്ട്.

🔳പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചവരില്‍നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ഈടാക്കിയ പിഴത്തുക തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ് കോടതിയുത്തരവ്. 274 പേര്‍ക്കെതിരേ നല്‍കിയ നോട്ടീസ് പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

🔳ഭാരതീയ ജനതാപാര്‍ട്ടി അംഗങ്ങള്‍ക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍. സാലിഹ് അല്‍ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാരാണ് ഈ ആവശ്യം ഉന്നയിച്ച് കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കര്‍ക്കു കത്ത് നല്‍കിയത്. ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷത്തെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.

🔳ബലാത്സംഗക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ദിലീപാണെന്ന് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ് ആരോപണം.

🔳മലപ്പുറം എടച്ചലം കുന്നുംപുറത്തെ നിരോധിത പുകയില ഉത്പന്ന കേന്ദ്രം നടത്തിപ്പുകാരായ നാലു പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. രാങ്ങാട്ടൂര്‍ സ്വദേശികളായ ഫൈസല്‍ ബാബു (32), ഇബ്‌റാഹീം (25), മേലേതില്‍ സുബൈര്‍ (29), പട്ടാമ്പി കൊടുമുണ്ട സ്വദേശി മുഹമ്മദ്(32) എന്നിവരാണ് പിടിയിലായത്. നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വ്യാജമായി നിര്‍മിക്കുന്ന കുന്നുംപുറത്തെ നിര്‍മാണ കേന്ദ്രം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് റെയ്ഡ് ചെയ്തത്.

🔳ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന്‍ പ്രേം കുമാറിന് നിയമനം. ബീന പോള്‍ സ്ഥാനമൊഴിഞ്ഞതോടെയാണു നിയമനം. അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

🔳പാലക്കാട് ചെറാട് മലയില്‍ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് അഗ്‌നിശമന സേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി. ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റി.

🔳സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ്സ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി നിയമിച്ചതു വിവാദത്തില്‍. നിയമനത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് സംഘടനയുടെ ചെയര്‍മാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാര്‍ പറഞ്ഞു. നിയമനം നടത്തിയ സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സ്വപ്നയുടെ നിയമനത്തിനു നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജനെ നവമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം റെസീന പരീതിനെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കൊപ്പം എംഎല്‍എയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.

🔳ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന പിവി ശ്രീനിജന്‍ എംഎല്‍എയുടെ പ്രതികരണത്തിനെതിരെ ട്വന്റി 20 പ്രവര്‍ത്തകര്‍. പട്ടിയെപ്പോലെയാണ് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചതെന്ന് അവര്‍ പറഞ്ഞു. ജനങ്ങളില്‍നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന ട്വന്റി 20-യുടെ പദ്ധതിക്കെതിരെ പി.വി ശ്രീനിജന്‍ എംഎല്‍എ രംഗത്തുവന്നിരുന്നു. ഇതിനെതിരേ ട്വന്റി 20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിലും കഴിഞ്ഞ ശനിയാഴ്ച വിളക്കണയ്ക്കല്‍ സമരം നടത്തി. സമരത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

🔳തൃശൂര്‍ ചീയാരത്ത് നടുറോഡില്‍ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെണ്‍കുട്ടി വീണ സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന യുവാവിനെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. ബൈക്ക് സ്റ്റണ്ടിനിടെ അപകടമുണ്ടായതോടെ നാട്ടുകാരുമായി അടിയുണ്ടാക്കിയ അമലിനെ സുഹൃത്ത് അനുഗ്രഹിനൊപ്പമാണ് പിടികൂടിയത്. നെല്ലായിയില്‍ 30 ലക്ഷം രൂപ വില മതിക്കുന 300 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇവര്‍ പിടിയിലായത്.

🔳നടിയെ ആക്രമിച്ച കേസില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചോദ്യം. അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ സിനിമ വ്യവസായം എന്ത് ചെയ്തെന്നും ഡബ്ല്യുസിസി ചോദിച്ചു. നടി ആക്രമിക്കപ്പെട്ട് അഞ്ചു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതികരണം.

🔳ക്ഷേത്രത്തിലെ ദേശതാലവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ ആറു പ്രതികളെ ഹരിപ്പാട് പോലിസ് അറസ്റ്റു ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്ന തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ശരത് ഭവനത്തില്‍ ചന്ദ്രന്റെ മകന്‍ ശരത് ചന്ദ്രനാണു ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. ടോം പി. തോമസ്, വിഷ്ണു, കിഷോര്‍കുമാര്‍, ശിവകുമാര്‍, സുമേഷ്, സൂരജ് എന്നിവരാണ് അറസ്റ്റിലായത്.

🔳മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന് തിരുവനന്തപുരത്തെ സ്‌കൂള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങിയ മൂന്നു പെണ്‍കുട്ടികളെയും കണ്ടെത്തി. ഇന്നലെ രാവിലെ ആറു മണിയോടെ കാണാതായ മൂന്നു പെണ്‍കുട്ടികളെയും ഉച്ചയോടെ കണ്ടെത്തി. കുട്ടികള്‍ വീട്ടിലേക്കു പോകുമ്പോഴാണ് പൊലീസ് കണ്ടെത്തിയത്.

🔳മൂന്നാര്‍ മേഖലയില്‍ നാല് ആനത്തേറ്റയും മ്ലാവിന്റ കൊമ്പുമായി മൂന്നു പേര്‍ പിടിയില്‍. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളത്ത് ഓട്ടോയില്‍ തമിഴ്നാട്ടിലേക്കു കടത്തുകയായിരുന്നു ഇവ. ഓട്ടോ ഉടമയും ചൊക്കനാട് കോളനി സ്വദേശിയുമായ പ്രേംകുമാര്‍ (36) ഇയാളുടെ സഹായി നവരാജ് (41) ഇവ നല്‍കിയ ഇടനിലക്കാരന്‍ ദേവികുളം കോളനി സ്വദേശി പാണ്ഡിദുരൈ (38) എന്നിവരെ അറസ്റ്റു ചെയ്തു.

🔳രണ്ടര വയസുള്ള മകളെ പീഡിപ്പിച്ചെന്നകേസില്‍ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മുട്ടട സ്വദേശിയായ 34 കാരനെയാണ് ശിക്ഷിച്ചത്. കുഞ്ഞ് ജനിച്ചതു മുതല്‍ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് പ്രതി കലഹിച്ചിരുന്നെന്നു ഭാര്യ മൊഴി നല്‍കിയിരുന്നു.

🔳കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിമര്‍ശിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ ആദരിച്ച വ്യക്തിയുടെ ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള ട്വീറ്റ് ശശി തരൂര്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് എംബസിയുടെ വിമര്‍ശനം.

🔳യുക്രൈനിലേക്ക് എയര്‍ ഇന്ത്യ മൂന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 22, 24, 26 തീയതികളിലാണ് സര്‍വ്വീസ്. എയര്‍ ഇന്ത്യ വെബ്സൈറ്റ്, കോള്‍സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

🔳പഞ്ചാബില്‍ നാളെ വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പും നാളെ നടക്കും. പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ശക്തമായ ചതുഷ്‌കോണ മല്‍സരമാണ് ഇത്തവണ. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം.

🔳ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. താന്‍ പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര്യ ഖാലിസ്ഥാന്‍ രാജ്യത്തെ പ്രധാനമന്ത്രിയോ ആകുമെന്ന് കെജരിവാള്‍ പറഞ്ഞെന്നാണു പ്രധാന ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചന്നി കത്ത് അയച്ചിരുന്നു.

🔳പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണോ മോദി സര്‍ക്കാരിനെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചതെന്ന ചോദ്യവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ മന്‍മോഹന്‍ സിംഗ് നിശിതമായി വിമര്‍ശിച്ചിരുന്നു. ‘എനിക്കു നിങ്ങളോട് വലിയ ബഹുമാനമുണ്ട്. താങ്കളില്‍ നിന്ന് ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല.’ – നിര്‍മല പറഞ്ഞു.

🔳ഇന്ത്യ ഉണ്ടായത് 1947 ല്‍ അല്ലെന്നും അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ കഴിഞ്ഞത് സിക്കുകാരുടെ വേഷം ധരിച്ചാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡല്‍ഹിയിലെ വസതിയില്‍ സിഖ് നേതാക്കളുമായി കൂടിക്കാഴ്ച ഒരുക്കിയാണ് ഇങ്ങനെ പറഞ്ഞത്.

🔳ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ അഞ്ചു ശതമാനം ഓഹരി വില്‍ക്കാനുള്ള ഐപിഒ മാര്‍ച്ച് 11 ന് ആരംഭിക്കും. ലോകത്തില്‍ തന്നെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് ഭീമന്മാരില്‍ ഒന്നാണ് എല്‍ഐസി. ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റേതാണ്. സ്വകാര്യവത്കരിക്കുന്ന അഞ്ച് ശതമാനം ഓഹരികളില്‍ പത്ത് ശതമാനം വരെ എല്‍ഐസിയുടെ വിവിധ പോളിസി ഉടമകള്‍ക്കുള്ളതായിരിക്കും.

🔳നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ മാനേജിംഗ് ഡയറക്ടറായ ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ചിത്ര രാമകൃഷ്ണ, മുന്‍ ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്‌മണ്യന്‍, ഓപ്പറേറ്റിങ് ഓഫിസര്‍ രവി നാരായണന്‍ എന്നിവര്‍ രാജ്യം വിടുന്നതു വിലക്കിയിട്ടുണ്ട്.

🔳ഹിജാബ് മതാചാരത്തിന്റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ലെന്നാണു സര്‍ക്കാര്‍ വാദം. ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

🔳മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തി മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗപട്ടണത്താണ് സംഭവം. ചായക്കടക്കാരനായ ലക്ഷ്മണനാണ് ഭാര്യയേയും മക്കളേയും കൊന്നതെന്ന് നാഗപട്ടണം പൊലീസ് അറിയിച്ചു.

🔳കിഴക്കന്‍ യുക്രെയിനില്‍ സൈനിക വാഹനം പൊട്ടിത്തെറിച്ചു. ആളപായമില്ല. റഷ്യ പിന്തുണയ്ക്കുന്ന വിമത വിഭാഗത്തിന്റെ മേഖലയിലാണ് സ്ഫോടനമുണ്ടായത്.

🔳കാനഡയിലെ മൂന്നു കോളജുകള്‍ പാപ്പരായി പ്രഖ്യാപിച്ച് അടച്ചുപൂട്ടി. രണ്ടായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ഇതോടെ പ്രതിസന്ധിയിലായി. മോണ്‍ട്രിയല്‍ സിറ്റിയിലുള്ള സിസിഎസ്‌ക്യു, സിഡിഇ, എം കോളേജ് എന്നീ മൂന്ന് കോളജുകളാണ് അടച്ചുപൂട്ടിയത്.

🔳ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്.സിയെ അട്ടിമറിച്ച് നോര്‍ത്ത്ഈസ്റ്റ്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത്ഈസ്റ്റിന്റെ ജയം. തോല്‍വി ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടിയായി. 17 കളികളില്‍ നിന്ന് 23 പോയന്റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു ഇപ്പോള്‍.

🔳വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. ആവേശം അവസാന ഓവര്‍ വരെ നീണ്ട പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ എട്ടു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നിക്കോളാസ് പുരന്റെയും റോവ്മാന്‍ പവലിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ വിന്‍ഡീസിനെ ജയമൊരുക്കുമെന്ന ഘട്ടത്തിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 63,192 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 18 മരണങ്ങള്‍. ഇന്നലെ രേഖപ്പെടുത്തിയ മുന്‍ മരണങ്ങളടക്കം 173 മുന്‍ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 63,529 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,134 പേര്‍ രോഗമുക്തി നേടി. ഇതോടെ 85,875 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂര്‍ 282, കാസര്‍ഗോഡ് 97.

🔳രാജ്യത്ത് ഇന്നലെ 25,363 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 2,068 കര്‍ണാടക- 1,333, തമിഴ്നാട്- 1,146.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനടുത്ത്. ബ്രസീല്‍ – 1,17,386, റഷ്യ- 1,80,071, ജര്‍മനി – 2,06,037. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.18 കോടി പേര്‍ക്ക്. നിലവില്‍ 6.97 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,611 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,631, ഇന്ത്യ – 325, ബ്രസീല്‍ – 1,032, റഷ്യ- 784. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.91 ലക്ഷമായി.

🔳എച്ച്ഡിഎഫ്‌സി ബാങ്ക് ഒരു വര്‍ഷത്തെ എഫ്ഡി പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.4 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമാക്കി. ഒരു വര്‍ഷത്തെ എഫ്ഡി പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.9 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 5 ബേസിസ് പോയിന്റ് 5.40 ശതമാനത്തില്‍ നിന്ന് 5.45 ശതമാനവുയിട്ടുമാണ് ഉയര്‍ത്തിയിട്ടുള്ളത്. നേരത്തെ, ജനുവരിയില്‍, ബാങ്ക് 2 വര്‍ഷം – 1 ദിവസം മുതല്‍ 3 വര്‍ഷം വരെയുള്ള കാലാവധിയുടെ പലിശ നിരക്ക് 5.2 ശതമാനമായും 3 വര്‍ഷം – 1 ദിവസം മുതല്‍ 5 വര്‍ഷം വരെ 5.4 ശതമാനമായും 5 വര്‍ഷം- 1 ദിവസം മുതല്‍ 10 വര്‍ഷം 5.6 ശതമാനമായും ഉയര്‍ത്തിയിരുന്നു.

🔳കോവിഡ് മഹാമാരിയെ തുടര്‍ന്ന് മങ്ങലേറ്റ റിയല്‍ എസ്റ്റേറ്റ് മേഖല ഉണര്‍വിന്റെ പാതയില്‍. 2020 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ എട്ട് പ്രൈം ഹൗസിംഗ് മാര്‍ക്കറ്റുകളിലെ വീട് വില്‍പ്പന 2021ല്‍ 13 ശതമാനത്തോളം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പ്രോപ്ടൈഗര്‍.കോം ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എട്ട് നഗരങ്ങളിലായി 2021ല്‍ 2,05,936 വീടുകളാണ് വിറ്റഴിച്ചത്. 2020 ല്‍ ഇത് 1,82,639 വീടുകളായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ വില്‍പ്പന വര്‍ധിച്ചതാണ് പ്രധാനകാരണം. 2021ല്‍ മുംബൈയില്‍ മൊത്തം 58,556 വീടുകളാണ് വിറ്റഴിച്ചത്. പുതിയ വീടുകള്‍ നിര്‍മിച്ചതില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2021ല്‍ 1.22 ലക്ഷം യൂണിറ്റുകള്‍ നിര്‍മിച്ചപ്പോള്‍ 2022 ല്‍ ഇത് 2.14 ലക്ഷം യൂണിറ്റുകളായി ഉയര്‍ന്നു. 75 ശതമാനത്തിന്റെ വര്‍ധന.

🔳ഒരു വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് നവ്യാ നായര്‍ തിരിച്ചുവരുന്ന ‘ഒരുത്തി’മാര്‍ച്ച് 11ന് തിയേറ്ററിലെത്തും. എറണാകുളം- വൈപ്പിന്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറാണ് രാധാമണി (നവ്യാ നായര്‍). രണ്ട് കുട്ടികളുടെ മാതാവായ രാധാമണിയുടെ ഭര്‍ത്താവ് (സൈജു കുറുപ്പ്) വിദേശത്താണ്. രാധാമണിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങള്‍ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. അവര്‍ തനിക്ക് നേരിട്ട ആ ദുരന്തത്തെ സാഹസികമായി അതിജീവിക്കുന്നു. വിനായകന്‍, കെ പി എ സി ലളിത, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവര്‍ക്ക് പുറമെ ഒട്ടേറെ ജൂനിയര്‍ താരങ്ങളുമാണ് അഭിനേതാക്കള്‍.

🔳വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ‘വൈറല്‍ സെബി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജ് വഴി ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു യൂട്യൂബര്‍ ആയ ടാക്‌സി ഡ്രൈവര്‍ സെബിയുടെയും നാട്ടില്‍ പഠിക്കാന്‍ വരുന്ന വിദേശി പെണ്‍കുട്ടി അഫ്രയുടെയും ജീവിതത്തില്‍ നടക്കുന്ന വഴിത്തിരിവാകുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഈജിപ്ഷ്യന്‍ സ്വദേശി മിറ ഹമീദ്, യൂട്യൂബര്‍ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇര്‍ഷാദ്, നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോള്‍, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ. ഐഎക്സ് ഇലക്ട്രിക് എസ്യുവി പുറത്തിറക്കിയ ശേഷം, ഇപ്പോള്‍ ഓള്‍-ഇലക്ട്രിക് മിനി 3 ഡോര്‍ കൂപ്പര്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ഇലക്ട്രിക് മിനി 3-ഡോര്‍ കൂപ്പര്‍ എസ്ഇ ഫെബ്രുവരി 24 ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

🔳പ്രായമേറുമ്പോള്‍ ദഹനാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി മാറുന്നുവെന്നതിനാല്‍ ഭക്ഷണം കുറച്ചുകഴിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. പ്രധാനമായും ‘ഷുഗര്‍’, ‘കൊളസ്‌ട്രോള്‍’ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാതിരിക്കാനാണ് ഇത്തരത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദേശിക്കുന്നത്. നാല്‍പത് കടന്നവര്‍, പ്രത്യേകിച്ച് പുരുഷന്മാര്‍ മുട്ട പരമാവധി ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശവും ഇതുപോലെ കേള്‍ക്കാറുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ലെങ്കില്‍ നാല്‍പത് കടന്നവരാണെങ്കില്‍ സവിശേഷിച്ചും പുരുഷന്മാര്‍ നിത്യവും ഓരോ മുട്ടയെങ്കിലും കഴിക്കണമെന്നുള്ളതാണ് സത്യം. കാരണം എല്ലുകള്‍ക്കും പേശികള്‍ക്കും ബലക്ഷയം സംഭവിച്ചുതുടങ്ങുന്ന പ്രായമാണിത്. പ്രോട്ടീനിന്റെ വളരെയധികം ആവശ്യം ശരീരം നേരിടുന്ന സമയം. നാല്‍പത് കടന്നവരില്‍ പേശീബലം മെച്ചപ്പെടുത്താനാണ് പ്രധാനമായും മുട്ട പ്രയോജനപ്പെടുന്നത്. മുട്ടയിലടങ്ങിയിരിക്കുന്ന ‘ല്യൂസിന്‍’ എന്ന അമിനോ ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. എന്നാല്‍ മിതമായ അളവിലേ മുട്ട കഴിക്കാവൂ. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. മുട്ട അമിതമായാല്‍ ഗുണങ്ങള്‍ക്ക് പകരം ശരീരത്തിന് ദോഷങ്ങളും ഉണ്ടാകാം. ആഴ്ചയില്‍ ഏഴ് മുട്ട എന്ന അളവില്‍ ശരാശരി ആരോഗ്യമുള്ള ഒരാള്‍ക്ക് കഴിക്കാവുന്നതാണ്. പുഴുങ്ങിയ ഒരു വലിയ മുട്ടയില്‍ ആണെങ്കില്‍ 77 കലോറിയും, 0.6 ഗ്രാം കാര്‍ബോഹൈഡ്രേറ്റും, 5.3 ഗ്രാം കൊഴുപ്പും, 212 മില്ലിഗ്രാം കൊളസ്‌ട്രോളും 6.3 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതുപോലെ വൈറ്റമിന്‍- എ, ബി2, ബി12, ബി5, ഫോസ്ഫറസ്, സെലേനിയം എന്നിവയുടെയെല്ലാം കലവറയാണ് മുട്ട.