പ്രഭാത വാർത്തകൾ

 

🔳ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷമായ യുഡിഎഫ് അടക്കം പലരില്‍നിന്നായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. പരാതികളുടെ പകര്‍പ്പുകള്‍ മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നു കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഇന്ത്യ വിലകൊടുത്തു വാങ്ങിയെന്ന് ഇന്നലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തതു വിവാദമായിരിക്കേയാണ് ഈ പ്രതികരണം. കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

🔳കോഴിക്കോട് ബാലികാസദനത്തില്‍നിന്ന് ഒളിച്ചോടിയ ആറു പെണ്‍കുട്ടികള്‍ക്കു മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ രണ്ടു പ്രതികളിലൊരാള്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടി. മണിക്കൂറുകള്‍ക്കകം ഇയാളെ ലോകോളജ് പരിസരത്തുനിന്ന് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് ചേവായൂര്‍ സ്റ്റേഷനില്‍നിന്ന് ഇറങ്ങി ഓടിയത്. കൊല്ലം സ്വദേശി ടോം തോമസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി വസ്ത്രം മാറാന്‍ അനുവദിച്ചപ്പോഴാണ് പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്.

🔳പ്രതി പൊലീസ് സ്റ്റേഷനില്‍നിന്നു ചാടിപ്പോയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം. കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പോലീസിന്റെ സുരക്ഷാവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

🔳കേരളത്തില്‍ ഇന്നു ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂവെന്നു നിര്‍ദേശം. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. പരിശോധനയുമായി പോലീസ് രംഗത്ത്. വാളയാര്‍ അതിര്‍ത്തിയില്‍ കേരള പൊലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങളുള്ളവരെ മാത്രമേ കേരളത്തിലേക്ക് കടത്തിവിടൂ.

🔳സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ. ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിനു സമാന നിയന്ത്രണം ഒഴിവാക്കിയേക്കും.

🔳ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പല പ്രതികള്‍ക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്നും അതികൊണ്ടാണ് വിചാരണ അട്ടിമറിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രമുഖ അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ച് മുഴുവന്‍ പ്രതികള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

🔳പരീക്ഷ തോറ്റെന്നു വിശ്വസിപ്പിച്ച് ജയിച്ച മാര്‍ക്ക് ലിസ്റ്റിനായി വിദ്യാര്‍ത്ഥിയില്‍നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എം ജി സര്‍വകലാശാല സെക്ഷന്‍ അസിസ്റ്റന്റ് അറസ്റ്റിലായി. ആര്‍പ്പൂക്കര സ്വദേശിനി സി.ജെ. എല്‍സിയാണ് വിജിലന്‍സിന്റെ പിടിയിലായത്. എംബിഎ മാര്‍ക്ക് ലിസ്റ്റിനും പ്രൊഫെഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായാണ് ഇത്രയും തുക കൈക്കൂലി വാങ്ങിയത്.

🔳ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിലൂടെ സിപിഎമ്മിന്റെ തനിനിറമാണ് പുറത്തു വരുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ബിജെപി ഗവര്‍ണറോടു സമ്മര്‍ദം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳ഇന്ദിരാഗാന്ധി രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സ്ഥാപിച്ച ചെങ്കൊടികള്‍ നീക്കിയതിന് കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സമ്മേളനത്തിനു സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ചെന്നാണ് കേസ്. കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മറിയപ്പള്ളിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

🔳വളര്‍ത്തുപൂച്ചയെ കൊന്നെന്ന യുവതിയുടെ പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍. എറണാകുളം ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30) ആണു പിടിയിലായത്. പൂച്ചയെ കൊല്ലുന്ന വീഡിയോ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

🔳ആലപ്പുഴ കഞ്ഞിക്കുഴിയില്‍ 2000 കിലോ തണ്ണിമത്തന്‍ കാക്കകള്‍ കൊത്തി നശിപ്പിച്ചു. മായിത്തറ വടക്കേ തയ്യില്‍ വി.പി. സുനിലിന്റെ തണ്ണിമത്തന്‍ കൃഷിയാണ് കാക്കകള്‍ കൊത്തിക്കളഞ്ഞത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ വെട്ടുകാട്ട് പുരയിടത്തിലെ ഒരു ഏക്കര്‍ സ്ഥലത്താണ് തണ്ണിമത്തന്‍ കൃഷി ചെയ്തിരുന്നത്.

🔳വാട്ടര്‍ അതോറിറ്റി ഓഫീസ് കോമ്പൗണ്ടില്‍ ഏഴു പെരുമ്പാമ്പുകള്‍. ഓഫീസ് കോമ്പൗണ്ടില്‍ കൂട്ടിയിട്ട പൈപ്പുകള്‍ക്കിടയിലാണ് പെരുപാമ്പുകളെ കണ്ടത്. കാടുപിടിച്ച പ്രദേശം ശുചീകരിക്കാന്‍ എത്തിയ ജീവനക്കാരാണ് പൈപ്പുകള്‍ക്കിടയില്‍ പാമ്പുകളെ കണ്ടത്. ഏഴു പാമ്പുകളേയും പിടികൂടി നീക്കം ചെയ്തു.

🔳ബേക്കറിയുടെ മറവില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കു കഞ്ചാവും ലഹരിവസ്തുക്കളും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. വിതുര മുളയ്‌ക്കോട്ടുകര ആസിയ മന്‍സിലില്‍ ദിലീപാ(43)ണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുളയ്‌ക്കോട്ടുകര താഹിറ മന്‍സിലില്‍ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. വിതുര ചന്തമുക്കില്‍ ഇവരുടെ ബേക്കറിയുടെ മറവിലാണ് കഞ്ചാവ്, പാന്‍പരാഗ് എന്നിവ ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ വിറ്റിരുന്നത്.

🔳മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതി കഴിഞ്ഞ വര്‍ഷം മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. മാനസിക വൈകല്യമുണ്ടായിരുന്ന എടവക മൂളിത്തോട് സ്വദേശി റിനിയാണു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മരിച്ചത്. യുവതിയെ പീഡിപ്പിച്ചിരുന്ന അയല്‍വാസി റഹീം വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി കൊലപ്പെടുത്തിയെന്നാണു കണ്ടെത്തിയത്. ഇയാളെ തമഴ്നാട്ടിലെ ഏര്‍വാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു.

🔳കോഴിക്കോട് കൂടരഞ്ഞി വഴിക്കടവില്‍ കോഴി ഫാമിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മാസം പ്രായമായ നാലായിരത്തിലേറെ കോഴികള്‍ ചത്തു. മങ്കരയില്‍ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴിഫാമിനാണ് തീ പിടിച്ചത്.

🔳പെഗാസസ് എന്തിനു വാങ്ങിയെന്നും ആര് അനുമതി നല്‍കിയെന്നും വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരെയൊക്കെ നിരീക്ഷിക്കണമെന്ന് എങ്ങനെ തീരുമാനിച്ചു? ആര്‍ക്കാണ് അതിന്റെ റിപ്പോര്‍ട്ട് കിട്ടിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. ഇത്ര ഗുരുതരമായ വിഷയത്തില്‍ മൗനം പാലിക്കുന്നത് ക്രിമിനല്‍ കുറ്റം ചെയ്തത് അംഗീകരിക്കുന്നതിന് തുല്യമെന്നും യെച്ചൂരി പറഞ്ഞു.

🔳ഗര്‍ഭിണികള്‍ക്കു നിയമന വിലക്ക് ഏര്‍പ്പെടുത്തിയ നടപടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചു. ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് വനിതാ കമ്മീഷന്‍ എസ്ബിഐക്ക് നോട്ടീസ് അയച്ചിരുന്നു.

🔳മദ്യപിച്ചു ലക്കുകെട്ട് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. 43 കാരനായ പ്രകാശ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ ഒട്ടേരിയിലാണ് സംഭവം നടന്നത്. ഭാര്യ പുഷ്പയെ പോലീസ് കസ്റ്റഡിയിലെടുത്തു.

🔳ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച കേസ് അന്വേഷിക്കാന്‍ പത്തംഗ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് ഡല്‍ഹി പൊലീസ്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കൂട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ അറസ്റ്റിലായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും പിടികൂടി.

🔳യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസര്‍, സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ആയുര്‍വേദം) എന്നീ തസ്തികകളിലെ നിയമനത്തിനു വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

🔳ജമ്മു കാഷ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണത്തില്‍ പോലീസുകാരനു വീരമൃത്യു. വെടിവയ്പില്‍ പരിക്കേറ്റ പൊലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ അലി മുഹമ്മദാണു മരിച്ചത്.

🔳ഐഎസ്എല്ലില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത ഡര്‍ബിയില്‍ എടികെ മോഹന്‍ ബഗാന് വിജയം. 61-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങി ഹാട്രിക്ക് നേടിയ കിയാന്‍ നസീരിയുടെ മികവിലാണ് എടികെ ജയിച്ചു കയറിയത്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് എടികെ തകര്‍ത്തത്.

🔳ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടിക്ക്. ഇന്നലെ നടന്ന ഫൈനലില്‍ അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ തകര്‍ത്താണ് ബാര്‍ട്ടിയുടെ കിരീട നേട്ടം. ബാര്‍ട്ടിയുടെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. 44 വര്‍ഷങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാം സിംഗിള്‍സ് കിരീടം നേടുന്ന ഓസീസ് താരമെന്ന നേട്ടവും ഇതോടെ ബാര്‍ട്ടിക്ക് സ്വന്തമായി..

🔳കേരളത്തില്‍ ഇന്നലെ 1,10,970 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 45.78. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,191 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,649 പേര്‍ രോഗമുക്തി നേടി.ഇതോടെ 3,36,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966.

🔳രാജ്യത്ത് ഇന്നലെ രണ്ടേക്കാല്‍ ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 27,971, കര്‍ണാടക- 33,337, തമിഴ്‌നാട്- 24,418, ഗുജറാത്ത് – 11,794, ആന്ധ്രപ്രദേശ്-11,573, ഡല്‍ഹി- 4,483.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിയേഴ് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്ത്. ബ്രസീല്‍ – 1,74,461, ഇംഗ്ലണ്ട്- 72,727, ഫ്രാന്‍സ്- 3,32,398, ഇറ്റലി- 1,37,147, ജര്‍മനി-1,43,518. ഇതോടെ ആഗോളതലത്തില്‍ 37.28 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.26 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,376 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,118, റഷ്യ- 668, ബ്രസീല്‍ – 576, ഇറ്റലി- 377, മെക്സിക്കോ – 437. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.75 ലക്ഷമായി.

🔳ഡിസംബറില്‍ അവസാനിച്ച ഹോളിഡേ ത്രൈമാസത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വില്‍പ്പനയും ലാഭവും നേടി ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. പ്രവചനങ്ങളെ പോലും മറികടന്ന് 11 ശതമാനം (123.9 ബില്യണ്‍ ഡോളര്‍) അധിക വില്‍പ്പനയാണ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ആപ്പിളിനുണ്ടായത്. ലാഭത്തില്‍ 20 ശതമാനം (34.6 ബില്യണ്‍ ഡോളര്‍) വളര്‍ച്ചയുണ്ടായതായും കമ്പനി അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആപ്പിളിന്റെ ഷെയര്‍ മൂന്ന് ശതമാനത്തിലേറെ വര്‍ധിച്ച് 164.30 ഡോളറിലെത്തി. വിപണിയില്‍ 1.8 ബില്യണ്‍ ആക്ടീവ് ഡിവൈസുകളോടെയാണ് ആപ്പിള്‍ കുതിക്കുന്നത്.

🔳കോവിഡ് മഹാമാരിയില്‍ ഐടി മേഖല കുതിച്ചുചാട്ടം നടത്തിയെന്ന വിലയിരുത്തലിന് അടിവരയിട്ട് ടെക്‌നോപാര്‍ക്കിന്റെയും പ്രകടനം. കയറ്റുമതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 611 കോടി രൂപയുടെ വര്‍ധന ടെക്നോപാര്‍ക്ക് 2020-21ല്‍ നേടി. 460 കമ്പനികളില്‍ നിന്നായി ആകെ 8,501 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. ടെക്നോപാര്‍ക്കില്‍ പുതുതായി സൃഷ്ടിച്ചത് 1,500ല്‍ ഏറെ തൊഴിലവസരങ്ങള്‍. 41 കമ്പനികള്‍ക്കായി ഒരു ലക്ഷത്തോളം ചതുരശ്രയടി സ്ഥലമാണ് ടെക്നോപാര്‍ക്കില്‍ 2020-21 സാമ്പത്തിക വര്‍ഷം അനുവദിച്ചത്. ഇപ്പോള്‍ 465 കമ്പനികളിലായി 63,700 ജീവനക്കാരാണ് ടെക്നോപാര്‍ക്കിലുള്ളത്.

🔳കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് ‘സൂരറൈ പോട്ര്’. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. അപര്‍ണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ ആകും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. നേരത്തെ ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു.

🔳കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവം. ഇപ്പോഴിതാ ആ സംഭവം സിനിമാരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ശരത്ത് അപ്പാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ആദിവാസി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. വിജീഷ് മണിയാണ് സംവിധായകന്‍. ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

🔳ചൈനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോ അതിന്റെ പുതിയ 2022 300എസ്ആര്‍ മോട്ടോര്‍സൈക്കിള്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിച്ചു. വര്‍ഷം തോറും അപ്‌ഡേറ്റ് ചെയ്യുന്ന മോഡലിന് ഒരു പുതിയ ബാഹ്യ പെയിന്റ് തീം ലഭിച്ചെന്നും ബാക്കിയുള്ള വിഭാഗങ്ങളില്‍ മോട്ടോര്‍സൈക്കിളില്‍ മാറ്റമില്ലാതെ തുടരുന്നു. 2022 മോഡല്‍ ഓറഞ്ച്, നീല നിറങ്ങളില്‍ വൈറ്റ് ഗ്രാഫിക്സും സൈഡ് പാനലുകളില്‍ ബോള്‍ഡ് സിഎഫ് മോട്ടോ ലോഗോയും ഉള്‍ക്കൊള്ളുന്നു.

🔳ചക്കയില്‍നിന്ന് അടയും ബോണ്ടയും മുതല്‍ ഉപ്പുമാവും തോരനും മിക്സ്ചറും കട്‌ലെറ്റും ലഡ്ഡുവും ഗുലാബ് ജാമുനും; എന്തിന്, അച്ചാര്‍ വരെ! മാങ്ങയില്‍നിന്ന് പത്തിരിയും പറാത്തയും മുതല്‍ സമോസയും സാന്റ ്വിച്ചും പപ്പടവും കൊണ്ടാട്ടവും കേക്കും ജിലേബിയും; എന്തിന്, ബിസ്‌കറ്റ് വരെ! ഭക്ഷണപ്രണയികള്‍ക്കും പാചകപ്രേമികള്‍ക്കും സ്വാദിന്റെ നവലോകത്തിലേക്കു സ്വാഗതമോതുന്ന ഈ പുസ്തകം, നമ്മുടെ നാട്ടില്‍ സുലഭമായ, സമൃദ്ധമായ രണ്ടു ഫലങ്ങള്‍കൊണ്ടു രുചിവിസ്മയങ്ങള്‍ തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്. ‘ചക്ക മാങ്ങ വിഭവങ്ങള്‍’. എച്ച്ആന്‍ഡ്സി ബുക്സ്. വില 100 രൂപ.

🔳വാക്സീനോ മുന്‍ അണുബാധകളോ വഴി ഇപ്പോള്‍ മനുഷ്യശരീരത്തില്‍ ഉണ്ടായിരിക്കുന്ന ആന്റിബോഡികള്‍ക്കൊന്നും കോവിഡിന്റെ ഒമിക്രോണ്‍ വൈറസിനെ തടുക്കാനാകില്ലെന്ന് പഠനം. ഒമിക്രോണിന് ഉണ്ടായിരിക്കുന്ന നാല്‍പത്തിയാറില്‍ പരം ജനിതക വ്യതിയാനങ്ങളാണ് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാന്‍ വൈറസിനെ സഹായിക്കുന്നതെന്നും കൊളംബിയയിലെ മിസോറി സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഗവേഷണത്തില്‍ കണ്ടെത്തിയ 46ല്‍ 30 വ്യതിയാനങ്ങളും ഉണ്ടായിരിക്കുന്നത് വൈറസിന്റെ മുന പോലുള്ള സ്പൈക് പ്രോട്ടീനിലാണ്. പല ആന്റിബോഡികളും വൈറസിനോട് ഒട്ടിച്ചേര്‍ന്ന് അവയെ നിര്‍വീര്യമാക്കാന്‍ തിരഞ്ഞെടുക്കുന്നതും സ്പൈക് പ്രോട്ടീനിലെ ചില പ്രത്യേക ഇടങ്ങളാണ്. ഇത്തരം ഇടങ്ങളില്‍ ഉണ്ടായിരിക്കുന്ന വ്യതിയാനം ആന്റിബോഡികള്‍ക്ക് വൈറസിനോട് ഒട്ടിച്ചേരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുമെന്നും ഇത്തരത്തില്‍ വൈറസ് രക്ഷപ്പെടുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ഒമിക്രോണിന്റെ 23 വ്യതിയാനങ്ങള്‍ ഈ വകഭേദത്തിന് തനതായി ഉള്ളതാണെന്നും മുന്‍ വകഭേദങ്ങളില്‍ അവ കാണപ്പെട്ടിട്ടില്ലെന്നും ജേണല്‍ ഓഫ് ഓട്ടോ ഇമ്മ്യൂണിറ്റിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം പറയുന്നു. രണ്ട് വ്യതിയാനങ്ങള്‍ ഡെല്‍റ്റയിലും ഡെല്‍റ്റ പ്ലസിലും കാണപ്പെട്ടത് തന്നെയാണ്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച ഒമിക്രോണ്‍ സാംപിളുകളിലെ പ്രോട്ടീന്‍ സീക്വന്‍സുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

*ശുഭദിനം*

ആ ഗ്രാമത്തിലെ റോഡരുകില്‍ ഒരു വൃദ്ധന്‍ ഇരിക്കാറുണ്ട്. ആ വൃദ്ധനെ എല്ലാവര്‍ക്കും ഭയങ്കര പേടിയായിരുന്നു. കാരണം, ആരെ കണ്ടാലും അയാള്‍ ശപിക്കും, ചീത്ത വിളിക്കും. അയാളെ കണ്ടാല്‍ ആ ദിവസം മോശമാകും എന്ന വിശ്വാസവും ആളുകള്‍ക്ക് ഉണ്ടായിരുന്നു. ഒരു ദിവസം അയാള്‍ വളരെ സന്തോഷത്തില്‍ ഇരിക്കുന്നത് ആളുകള്‍ ശ്രദ്ധിച്ചു. അന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും എപ്പോഴും പ്രസന്നവദനനായാണ് അയാളെ കാണുന്നത്. അയാള്‍ ആരെയും ചീത്തപറയുന്നില്ലെന്നുമാത്രമല്ല, എല്ലാവരോടും നന്നായി ചിരിക്കുകയും ചെയ്യുന്നുണ്ട്. ഈ മാറ്റം ആളുകളില്‍ അത്ഭുതം ഉണ്ടാക്കി. ഒരാള്‍ അയാളോട് ഈ മാറ്റത്തിന്റെ കാരണം തിരക്കി. അയാള്‍ പറഞ്ഞു: ഇത്രയും കാലം ഞാന്‍ ലഭിക്കാതെ പോയ സന്തോഷം തിരഞ്ഞ് നടക്കുകയായിരുന്നു. ലോകത്തില്‍ എനിക്ക് മാത്രമേ സന്തോഷമില്ലാതുള്ളൂ എന്നായിരുന്നു എന്റെ ധാരണ. സന്തോഷം അന്വേഷിച്ചു നടക്കുന്നതു ഞാന്‍ തിരുത്തി. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. അതെ, ലഭിക്കാതെപോയ അനുഗ്രങ്ങളുടേയും കൈവരിക്കാതെ പോയ നേട്ടങ്ങളുടേയും പട്ടികകള്‍ തിരഞ്ഞു പോയാല്‍ വര്‍ത്തമാനകാലത്തെ മനസ്സിലാക്കാനും ആസ്വദിക്കാനും നമുക്ക് കഴിയാതെ വരും. ഇഷ്ടമുള്ളവയുടെ പിന്നാലെ പോകുമ്പോള്‍ ഉള്ള വലിയ പോരായ്മ കൂടെയുള്ളവയെ തിരിച്ചറിയാതെ പോകുന്നു എന്നതാണ്. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പരാതി പറയുന്ന പലരും ഉള്ള കാര്യങ്ങളുടെ പരിപൂര്‍ണ്ണ വിനിയോഗം നടത്താത്തവരാണ്. കൈവശമുള്ളവയെ കാര്യക്ഷമമായി വിനിയോഗിക്കുന്നവര്‍ക്ക് ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ പോലും സമയമുണ്ടാകില്ല. നമുക്ക് നമ്മുടെ കൈവശമുളളവയെ തിരിച്ചറിയാന്‍ ശ്രമിക്കാം