പ്രഭാത വാർത്തകൾ

 

🔳ഫോണുകള്‍ അന്വേഷണസംഘത്തിനു കൈമാറാനാവില്ലെന്ന് ക്രൈംബ്രാഞ്ചിന് നടന്‍ ദിലീപിന്റെ മറുപടി. ബാങ്കിടപാടുകള്‍ നടത്തുന്ന ഫോണ്‍ ഹാജരാക്കാനാവില്ല. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഒരാഴ്ചയ്ക്കകം കോടതിക്കു കൈമാറും. തനിക്കു നോട്ടീസ് നല്‍കുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ക്കു നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ദിലീപ് ആരോപിച്ചു.

🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഇന്നു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. കോടതിയുടെ അനുമതിയനുസരിച്ച് മൂന്നു ദിവസം ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടേക്കും.

🔳കാസര്‍കോട് റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയപതാക തലതിരിച്ചുയര്‍ത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കു വീഴ്ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. എആര്‍ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുക്കും. വിശദമായ റിപ്പോര്‍ട്ട് എഡിഎം ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.

🔳കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കേ സ്‌കൂളുകളുടെപ്രവര്‍ത്തനവും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസവകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന്. ഒമ്പതാം ക്ലാസ് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈന്‍ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി എന്നിവ യോഗം ചര്‍ച്ച ചെയ്യും.

🔳തൃശൂര്‍ ചിമ്മിനി വനത്തില്‍ അവശനിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. ഒരു മാസം പ്രായമായ ആനക്കുട്ടി നടക്കാനാകാത്ത സ്ഥിതിയിലാണ്. വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതുമൂലം ആനകള്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.

🔳ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും നിയമമന്ത്രി പി രാജീവ്. നിയമസഭ ഉടനേ ചേരാത്തതുകൊണ്ടാണ് ഓര്‍ഡിനന്‍സാക്കിയത്. മന്ത്രിസഭ പരിശോധിച്ചെടുത്ത തീരുമാനമാണ് ഓര്‍ഡിനന്‍സെന്നും പി രാജീവ് പറഞ്ഞു.

🔳കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ കൊല്ലപ്പെട്ടു. മലപ്പുറം കരിളായി മാഞ്ചീരിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ചോലനായ്ക്ക കോളനിയില്‍ കരുമ്പുഴ മാതന്‍ എന്ന എഴുപതുകാരനാണു മരിച്ചത്. മൃതദേഹത്തിനു ചുറ്റും കാട്ടാനക്കൂട്ടം തമ്പടിച്ചു.

🔳ടിപ്പര്‍ ലോറി ഉടമകളോട് കോഴിക്കോട്ടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍ മാസപ്പടി ചോദിക്കുന്ന ശബ്ദ രേഖ പുറത്ത്. ലോറിക്ക് 5,000 രൂപ മാസംതോറും കൈക്കൂലി നല്‍കിയാല്‍ സ്‌ക്വാഡിന്റെ പരിശോധന ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കുന്നതാണു ശബ്ദരേഖ. തെളിവു സഹിതം പരാതി നല്‍കിയിട്ടും നടപടിയൊന്നുമായില്ലെന്നും ലോറി ഉടമകള്‍ ആരോപിച്ചു.

🔳ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഇടുക്കി ഏലപ്പാറയില്‍നിന്ന് വനിതാ ഡോക്ടറെ തട്ടികൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയിലായി. കോട്ടയം പനച്ചിക്കാട് സ്വദേശി മനു യശോധരന്‍, കരിന്തരുവി സ്വദേശി സാം കോര എന്നിവരെ റിമാന്‍ഡു ചെയ്തു. തമിഴ്നാട്ടിലെ കമ്പം സര്‍ക്കാര്‍ ആശുപത്രിയിലും ഏലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്ന കനിമലര്‍ എന്ന വനിതാ ഡോക്ടറെയാണ് തട്ടികൊണ്ടുപോയി അന്‍പതിനായിരം രൂപ കവര്‍ന്നത്. കേസില്‍നിന്ന് ഒഴിവാക്കാനെന്ന പേരിലാണ് പണം കൈക്കലാക്കിയത്.

🔳തിരുവനന്തപുരത്ത് രാത്രി ഒമ്പതിനു ബസ് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ അതിക്രമം. ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി അക്രമിയെ പിടികൂടിയെങ്കിലും ഓടിരക്ഷപ്പെട്ടു. പോലീസ് തെരച്ചില്‍ ആരംഭിച്ചു.

🔳പരാതിയില്‍ നടപടി എന്തായെന്ന് അന്വേഷിക്കാന്‍ സൈബര്‍ സെല്ലില്‍ എത്തി അക്രമാസക്തനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ സൈബര്‍ സെല്ലില്‍ പോലീസുകാരനെ ആക്രമിക്കുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് അന്തിക്കാട് മാങ്ങാട്ടുകാരയിലെ മരവട്ടിക്കല്‍ വീട്ടില്‍ അക്ഷയ് (25)എന്നയാളെയാണ് അറസ്റ്റു ചെയ്തത്.

🔳സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചതിന് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വിഎസ് അച്യുതാനന്ദന്‍. കോടതി വിധി യുക്തി സഹമല്ല. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വി എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

🔳പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 12 കിലോ കഞ്ചാവുമായി തൃശൂര്‍ ചാവക്കാട് സ്വദേശി പിടിയില്‍. വിശാഖപട്ടണത്തുനിന്ന് ട്രെയിന്‍മാര്‍ഗം കടത്തിയ കഞ്ചാവുമായി ഖലീലുല്‍ റഹ് മാന്‍ എന്ന നാല്‍പത്തിരണ്ടുകാരനാണു പിടിയിലായത്.

🔳ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിനു സമീപം രണ്ടു ഗ്രാം എംഡിഎംഎ മയക്കുമരുന്ന് സഹിതം ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. പാലയൂര്‍ സ്വദേശി അജ്മല്‍, ഫജ്രു സാദിഖ്, നബീല്‍, നിഷ്നാസ്, ഹംസത്ത്, ഇല്യാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

🔳മൂന്നാറില്‍ കാര്‍ നൂറ്റമ്പതോളം അടി താഴ്ചയിലേക്കു മറിഞ്ഞ് ഗുരുവായൂര്‍ സ്വദേശി മരിച്ചു. പേരകം തെക്കേപുരയ്ക്കല്‍ കേശവന്റെ മകന്‍ വിനോദ് ഖന്ന എന്ന നാല്‍പത്തേഴുകാരനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു പരിക്കേറ്റു.

🔳ആലപ്പുഴ കലവൂരില്‍ സിപിഎം നേതാവിനു വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം സന്തോഷിനാണു വെട്ടേറ്റത്. എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ബിഎംഎസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

🔳രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ കുതിരപ്പടയില്‍ പ്രധാനിയായ വിരാട് എന്ന കുതിരയ്ക്ക് റിപ്പബ്ലിക് ദിന പരേഡിനിടെ പ്രൗഡോജ്വലമായ യാത്രയയപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കുതിരയെ തൊട്ടുതലോടി. 19 വര്‍ഷത്തെ സേവനത്തിനുശേഷമാണ് കുതിര വിരമിക്കുന്നത്. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിരമിക്കലിനു മുന്‍പുള്ള റിപ്പബ്ലിക് ദിനാഘോഷം കൂടിയായിരുന്നു ഇന്നലെ നടന്നത്.

🔳ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ഷകരായ ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ. ജാട്ട് സമുദായത്തിലെ പ്രമുഖ നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയ അമിത്ഷാ ബിജെപിക്ക് പിന്തുണ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചു.

🔳ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പഹാദ്പൂര്‍ ഗ്രാമത്തില്‍ മദ്യദുരന്തം. വ്യാജമദ്യം കുടിച്ച് ഒമ്പതു പേര്‍ മരിച്ചു. മുപ്പതു പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

🔳മധ്യപ്രദേശിലെ ജബല്‍പൂരില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഡ്രോണ്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ക്കു പരിക്ക്. പരേഡിന്റെ ടാബ്ളോയില്‍ ആദിവാസി നൃത്തം അവതരിപ്പിക്കാന്‍ എത്തിയവര്‍ക്കിടയിലേക്കാണു ഡ്രോണ്‍ തകര്‍ന്നുവീണത്.

🔳റെയില്‍വേ റിക്രൂട്ട്മെന്റ് പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിന് തീ വച്ചു. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയ്ക്ക് കീഴിലെ ഗയറെയില്‍വേ ജംഗ്ഷനിലാണ് ഉദ്യോഗാര്‍ത്ഥികള്‍ കല്ലേറും തീവയ്പും നടത്തിയത്.

🔳രോഗിയായ അമ്മയ്ക്കു ചികിത്സാ സഹായം തേടിയ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചെന്നു പരാതി. ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണു സംഭവം. കേസായതോടെ അരുണ്‍ എന്ന കുറ്റാരോപിതന്‍ മുങ്ങി.

🔳ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ഇന്ന് ബിജെപി അംഗത്വമെടുക്കും. കിഷോര്‍ ഉപാധ്യായെ കോണ്‍ഗ്രസ് ഈയിടെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്.

🔳എയര്‍ ഇന്ത്യയെ ഇന്ന് ടാറ്റ ഗ്രൂപ്പിനു കൈമാറും. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ വീണ്ടെടുത്തത്. ഭീമമായ കടബാധ്യതമൂലമാണ് എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞത്.

🔳ആക്രി വസ്തുക്കള്‍കൊണ്ടു ചെറിയ ജീപ്പുണ്ടാക്കിയ യുവാവിന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ബൊലേറോ സമ്മാനിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹറിനാണ് ഈ ഭാഗ്യമുണ്ടായത്. ആക്രിജീപ്പുമായി ദത്താത്രേയ നില്‍ക്കുന്ന ഫോട്ടോ നേരത്തെ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

🔳ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്ത് ബെംഗളൂരു എഫ്.സി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ ജയം.

🔳വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ ക്യാപ്റ്റനായി തിരിച്ചെത്തി. പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ദീപക് ഹൂഡയും, കുല്‍ദീപ് യാദവും രവി ബിഷ്ണോയിയും ആവേശ്ഖാനും ടീമിലെത്തി.

🔳ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം രണ്ടാം സെമിയില്‍ ഡാനില്‍ മെദ്വദേവ്- സ്റ്റെഫാനോസ് സിറ്റ്‌സിപാസ് പോരാട്ടം. വനിതകളുടെ സെമിയില്‍ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി അമേരിക്കയുടെ മാര്‍ഡി കീസിനെ നേരിടും. മറ്റൊരു സെമിയില്‍ ഇഗ സ്വിയടെക് അമേരിക്കയുടെ ഡാനിയേ കോളിന്‍സിനെതിരെ മത്സരിക്കും.

🔳കേരളത്തില്‍ ഇന്നലെ 1,03,553 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,281 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,439 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,00,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866.

രാജ്യത്ത് ഇന്നലെ രണ്ടേമുക്കാല്‍ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 35,756, കര്‍ണാടക- 48,905, തമിഴ്‌നാട്- 29,976, ഗുജറാത്ത് – 16,608, ആന്ധ്രപ്രദേശ്-13,618, ഡല്‍ഹി- 7,498.

🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത്തിയഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ അഞ്ച്് ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ – 2,01,812, ഇംഗ്ലണ്ട്- 1,02,292, ഫ്രാന്‍സ്- 4,28,008, ഇറ്റലി- 1,67,206, സ്പെയിന്‍ – 1,33,553, ജര്‍മനി-1,88,759, അര്‍ജന്റീന- 88,503. ഇതോടെ ആഗോളതലത്തില്‍ 36.25 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.04 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,752 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 2,362, റഷ്യ- 657, ബ്രസീല്‍ – 512, ഇംഗ്ലംണ്ട് – 346, ഇറ്റലി- 362, സ്പെയിന്‍ 382. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.43 ലക്ഷമായി.

🔳 ഇന്ത്യയില്‍ നിന്നുള്ള ജെം ആന്‍ഡ് ജുവലറി കയറ്റുമതി കൊവിഡിന് മുമ്പത്തേക്കാള്‍ മികച്ച നിലയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷം (2021-22) ഏപ്രില്‍-ഡിസംബറില്‍ കയറ്റുമതി വരുമാനം 2,908 കോടി ഡോളറാണ് (2.16 ലക്ഷം കോടി രൂപ). കൊവിഡിന് മുമ്പ്, 2019 ലെ സമാനകാലത്തെ 2,750 കോടി ഡോളറിനേക്കാള്‍ (1.93 ലക്ഷം കോടി രൂപ) 5.76 ശതമാനം അധികമാണിത്. കൊവിഡ് നിറഞ്ഞുനിന്ന 2020ലെ സമാനകാലത്ത് കയറ്റുമതി 1,648 കോടി ഡോളറിന്റേതായിരുന്നു (1.22 ലക്ഷം കോടി രൂപ).

🔳2022 ല്‍ യൂണീകോണായി മാറുന്ന നാലാമത്തെ സ്റ്റാര്‍ട്ടപ്പായി ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാര്‍വിന്‍ ബോക്സ്. സോഫ്റ്റ് വെയര്‍ സേവന രംഗത്ത് നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ യുണീകോണും ഡാര്‍വിന്‍ ബോക്സ് ആണ്. സീരീസ് ഡി റൗണ്ടില്‍ 72 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചതോടെ കമ്പനിയുട മൂല്യം ഒരു ബില്യണിലെത്തി. ഇതുവരെ 110 മില്യണ്‍ ഡോളറാണ് ഫണ്ടിംഗിലൂടെ ഈ സ്റ്റാര്‍ട്ടപ്പ് സമാഹരിച്ചത്. നിലവില്‍ 600ല്‍ അധികം ഉപഭോക്താക്കളും 1.5 മില്യണോളം ജീവനക്കാരും ഡാര്‍വിന്‍ ബോക്സിനുണ്ട്.

🔳രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന തെലുങ്ക് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘കൊണ്ടാ’യുടെ ട്രെയ്ലര്‍ പുറത്തെത്തി. തൊണ്ണൂറുകളിലെ നക്സല്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം രാഷ്ട്രീയ നേതാക്കളും ദമ്പതികളുമായ കൊണ്ടാ മുരളിയുടെയും കൊണ്ടാ സുരേഖയുടെയും ജീവിതമാണ് സ്‌ക്രീനില്‍ എത്തിക്കുന്നത്. കൊണ്ടാ മുരളിയെ ത്രിഗുണും കൊണ്ടാ സുരേഖയെ ഇറ മോറുമാണ് അവതരിപ്പിക്കുന്നത്. രാം നഗറിലുള്ള ഇവരുടെ ക്യാമ്പ് ഓഫീസില്‍ വച്ചായിരുന്നു ട്രെയ്ലര്‍ റിലീസ്. പൃഥ്വി രാജ്, തുളസി, എല്‍ ബി ശ്രീറാം തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳തിയേറ്ററില്‍ വന്‍ തരംഗമായ ജാന്‍ എ മന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും പുതിയ ചിത്രവുമായി എത്തുന്നു. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് നടന്‍ ടൊവിനോ തോമസ് പുറത്തിറക്കി. ബേസില്‍ ജോസഫ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ‘ജയ ജയ ജയ ജയ ഹേ’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഹൃദയത്തിലെ നായിക ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ നായിക. വിപിന്‍ ദാസാണ് സംവിധാനം.

🔳ജര്‍മ്മന്‍ സ്പോര്‍ട്‌സ് ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ 2021ല്‍ ഇന്ത്യയില്‍ നേടിയത് 62 ശതമാനം വില്പന വളര്‍ച്ച. 474 പുതിയ ഉപഭോക്താക്കളെയാണ് കഴിഞ്ഞവര്‍ഷം കമ്പനിക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. മൊത്തം വില്പനയുടെ 39 ശതമാനവും ആഡംബര കോംപാക്റ്റ് എസ്.യു.വി മകാന്‍ ആണ്. 2014ന് ശേഷം പോര്‍ഷെ ഇന്ത്യയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വില്പന നേട്ടമാണ് കഴിഞ്ഞവര്‍ഷത്തേത്. മകാന്റെ 187 യൂണിറ്റുകളാണ് കഴിഞ്ഞവര്‍ഷം വിറ്റഴിഞ്ഞത്. 17 ശതമാനം വില്പനവിഹിതവുമായി 2-ഡോര്‍ കയേന്‍ എസ്.യു.വി ശ്രേണി രണ്ടാംംസ്ഥാനം നേടി.

🔳ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാതെ ഒരു മനുഷ്യനും സ്വതന്ത്രനാവാന്‍ കഴിയില്ല. വ്യക്തതയോടെയും കൃത്യതയോടെയും ജീവിത സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഈ നോവല്‍ പ്രതിഭയുള്ള ഒരു എഴുത്തുകാരിയെ അടയാളപ്പെടുത്തുന്നു. ഫാന്റസിയും യാഥാര്‍ഥ്യവും ഇടകലര്‍ന്ന അനുഭൂതിദായകമായ വായനാരസം ഈ നോവലിനെ ഏറെ ആകര്‍ഷകമാക്കുന്നു. ‘അവള്‍ സുജാത’. സ്നൂപ വിനോദ്. കൈരളി ബുക്സ്. വില 135 രൂപ.

🔳വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധയ്ക്ക് രോഗസങ്കീര്‍ണത കുറവാകുമെന്ന് മാത്രമല്ല ഇത് പ്രതിരോധ ശേഷിയെയും പല മടങ്ങ് വര്‍ധിപ്പിക്കുമെന്ന് വാഷിങ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. മൂന്ന് ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും, കോവിഡ് രോഗമുക്തിക്ക് ശേഷം വാക്സീന്‍ എടുത്തവര്‍ക്കും, വാക്സീന്‍ എടുത്ത ശേഷം ബ്രേക് ത്രൂ അണുബാധ ഉണ്ടായവര്‍ക്കും ഏതാണ്ട് സമാനമായ തോതിലാണ് ശരീരത്തില്‍ ന്യൂട്രലൈസിങ് ആന്റിബോഡികള്‍ കണ്ടെത്താനായതെന്ന് ഗവേഷകര്‍ പറയുന്നു. രണ്ട് ഡോസ് വാക്സീന്‍ മാത്രം ലഭിച്ചവരെയും അണുബാധയ്ക്ക് ശേഷം വാക്സീന്‍ എടുക്കാത്തവരെയും അപേക്ഷിച്ച് വൈറസിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള നീണ്ടുനില്‍ക്കുന്ന ആന്റിബോഡി പ്രതികരണം ഇവരില്‍ ഉണ്ടാകുന്നു. അണുബാധ മൂലമോ ബൂസ്റ്റര്‍ വാക്സീന്‍ മൂലമോ ബ്രേക് ത്രൂ അണുബാധ മൂലമോ സാര്‍സ് കോവ്-2 ആന്റിജനുമായി ഉണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ഇടപെടല്‍ ഒരാളുടെ ആന്റിബോഡി പ്രതികരണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് തെളിയിക്കുന്നു. ഒമിക്രോണ്‍ ന്യൂട്രലൈസിങ് ആന്റിബോഡിയില്‍ ഉണ്ടാക്കുന്ന വിടവ് നികത്താന്‍ ബൂസ്റ്റര്‍ ഡോസുകള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നും ഗവേഷകര്‍ പറയുന്നു. വാഷിങ്ടണ്‍ സര്‍വകലാശാല ബയോ കെമിസ്ട്രി വകുപ്പിലെ അലക്സാന്‍ഡ്ര വാള്‍സും ഡേവിഡ് വീസ്ലറും ഗവേഷണത്തിന് നേതൃത്വം നല്‍കി. സെല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.