ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയായി; രാജ്യം മൂന്നാം വ്യാപനത്തിൽ

 

ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വർഷം. പതിയെ ആരംഭിച്ച് രാജ്യത്തെ നിശ്ചലമാക്കുന്ന തരത്തിലേക്ക് വൈറസ് പടർന്നു. രണ്ട് വർഷത്തിനപ്പുറം പല രീതിയിൽ രൂപാന്തരം പ്രാപിച്ച കൊവിഡ് വൈറസിനെ പിടിച്ചുകെട്ടാനുള്ള നടപടികൾ ഊർജിതമാക്കുകയാണ് ആരോഗ്യരംഗം. 2020 ജനുവരി 20നാണ് രാജ്യത്ത് ആദ്യമായി ഒരു കൊവിഡ് കേസ് സ്ഥിരീകരിക്കുന്നത്. കേരളത്തിലായിരുന്നുവിത്.

വിദേശത്ത് നിന്നെത്തിയവരിലും അവരുമായി സമ്പർക്കം പുലർത്തിയവരിലും മാത്രമായി നിന്ന വൈറസ് വ്യാപനം പിന്നീട് രാജ്യമൊന്നാകെ പടർന്നു. 519 കേസുകളും ഒമ്പത് മരണവും മാത്രമുള്ളപ്പോഴാണ് 2020 മാർച്ച് 24ന് രാത്രി പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് രാജ്യം ഇന്നേവരെ അഭിമുഖീകരിക്കാത്ത കൂട്ടപലായനങ്ങളും അതി ദയനീയ മരണങ്ങളും കാണേണ്ടി വന്നു.

വിദേശത്ത് കുടുങ്ങിയവരെ തിരികെ എത്തിക്കാൻ വന്ദേഭാരത് പദ്ധതിയും പ്രത്യേക സാമ്പത്തിക പാക്കേജുമൊക്കെ പ്രഖ്യാപിച്ച് സർക്കാർ മുന്നിട്ടിറങ്ങി. 2021 ജനുവരി 16 മുതൽ രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ചു. എന്നാൽ ഒന്നാം തരംഗത്തേക്കാളും രൂക്ഷമായി രണ്ടാം തരംഗം ആഞ്ഞടിച്ചു. മൃതദേഹങ്ങൾ നദികളിൽ ഒഴുക്കി വിടേണ്ട ഇന്ത്യയുടെ ദുരിതാവസ്ഥ ലോക മാധ്യമങ്ങളിൽ വരെ നിറഞ്ഞുനിന്നു. നാല് ലക്ഷം പ്രതിദിന കേസുകളും 3500ലധികം പ്രതിദിന മരണവും ഏപ്രിൽ മാസത്തിൽ സംഭവിച്ചു

നിലവിൽ രാജ്യം മൂന്നാം തരംഗത്തിന്റെ പിടിയിലാണ്. എങ്കിലും വാക്‌സിനേഷനിലും പ്രതിരോധത്തിലും ഏറെ മുന്നോട്ടു പോകാൻ സാധിച്ചെന്നത് ആശ്വാസം നൽകുന്നുണ്ട്. നിലവിൽ രാജ്യത്ത് 165 കോടി ഡോസ് വാക്‌സിൻ വിതരമം ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതിനോടകം നാല് കോടിയിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3.83 കോടി പേർ രോഗമുക്തരായി. 4.93 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു.