Headlines

ദേശീയ സെമിനാറിൽ ആർഎസ്എസ് നേതാക്കൾ: കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

കാസർഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. വന്ദേമാതരവുമായി ബന്ധപ്പെട്ട ദേശീയ സെമിനാറിൽ ആർഎസ്എസ് നേതാക്കൾ പങ്കെടുക്കുന്നതിലാണ് പ്രതിഷേധം. പൊലീസുമായി ഉന്തും തള്ളും. എസ്.എഫ്.ഐ, എം.എസ്.എഫ്, എൻ.എസ്.യു.ഐ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യ പ്രഭാഷകൻ പ്രജ്ജാ പ്രവാഹ് ദേശീയ കൺവീനർ ജെ നന്ദകുമാറിനെ തടയുമെന്നാണ് പ്രഖ്യാപനം. ഇതോടെ നിയമ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി സർവകലാശാല അധികൃതർ രംഗത്തെത്തി.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കാസറഗോഡ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ നാളെയാണ് തുടങ്ങുന്ന ദ്വിദിന ദേശീയ സെമിനാർ തുടങ്ങുന്നത്. നന്ദകുമാർ ക്യാംപസിൽ എത്തിയാൽ തടയുമെന്നും മതനിരപേക്ഷവും ജനാധിപത്യപരവുമായ ക്യാംപസ് സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്നുമാണ് എസ്എഫ്‌ഐ നിലപാട്.

ആർഎസ്എസ് നേതാക്കൾ മുഖ്യപ്രഭാഷകരായി നടത്തുന്ന സെമിനാർ അക്കാദമിക പ്രാധാന്യമുള്ളതല്ല എന്നും കാവിവത്കരണ അജണ്ട ആണെന്നുമാണ് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നത്. ഇന്നും നാളെയും സർവകലാശാലയിലെ ലൈബ്രറി സെമിനാർ ഹാളിലാണ് പരിപാടി.