തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന്റെ ‘മേയർ കെയർ’ ഓണക്കിറ്റ് പദ്ധതിക്കുപിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം. കിറ്റുകളുടെ പേരിൽ കോർപ്പറേഷൻ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് പിരിച്ചതെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ എസ് ശബരിനാഥൻ ആരോപിച്ചു. മേയർ കെയർ ഓണക്കിറ്റ് വിതരണത്തിൽ വിജലൻസ് അന്വേഷണം വേണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.
പദ്ധതിയുടെ വരവ് ചിലവ് ഔദ്യോഗിക കണക്കുകൾ പുറത്തുവിടാൻ മേയർ തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് ആരോപിച്ചു. 10,000 വിദ്യാർത്ഥികൾക്കായി വിഭാവനം ചെയ്ത പദ്ധതിയെങ്കിലും മുഴുവനാളുകളിലേക്കും എത്തിയില്ലെന്നും ആക്ഷേപം. 4000 കുട്ടികൾക്ക് മാത്രമേ കിറ്റ് ലഭിച്ചിട്ടുള്ളൂവെന്നാണ് രേഖകൾ പറയുന്നത്. കണക്കുകൾ ചോദിച്ചപ്പോൾ കൗൺസിലിൽ സൗകര്യമില്ലെന്ന് മറുപടിയാണ് മേയർ നൽകിയതെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു. നിയമപരമായി അഴിമതിയെ നേരിടാനും യുഡിഎഫ് തീരുമാനം.
പദ്ധതിയിൽ ചെലവഴിച്ച പണത്തെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലെന്ന് കെഎസ് ശബരിനാഥൻ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് അദേഹം ആവശ്യപ്പെട്ടു. ബിജെപി കോർപ്പറേഷനിലെത്തിയ ശേഷം വിഭാവന ചെയ്ത് പദ്ധതിയായിരുന്നു മേയർ കെയർ പദ്ധതി. സാധാരണക്കാരിലേക്ക് സഹായം എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. കോർപ്പറേഷന്റെ തനത് ഫണ്ട് ഉപയോഗിക്കാതെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് സഹായം ലഭ്യമാക്കിയിരുന്നത്. ഇതിനെതിരെ ഗുരുതര ആരോപണവുമായാണ് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിരിക്കുന്നത്.








