പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എൻ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഐഎം സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദം. പാർട്ടി അംഗത്വം റദ്ദാക്കുമെന്നാണ് വിവരം. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറി എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. ഇത് ആയുധമാക്കാൻ ഒരുങ്ങുകയാണ് മറ്റു പാർട്ടികൾ. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി പൊലീസിന് കൈമാറാൻ കോൺഗ്രസ് സിപിഐഎമ്മിനെ വെല്ലുവിളിച്ചു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറാൻ സിപിഐഎമ്മിന്റെ പാർട്ടി ഓഫീസുകൾ നേതാക്കൾ ഉപയോഗിക്കുകയാണെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ട്വന്റിഫോറിനോട് പറഞ്ഞു. പാർട്ടിക്ക് ലഭിച്ച പരാതി പൂഴ്ത്തി വയ്ക്കാതെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.
സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പി കെ ശശി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും കൊഴിഞ്ഞാമ്പാറയിൽ പാർട്ടി രണ്ടായപ്പോഴും ഇ എൻ സുരേഷ് ബാബുവിനെ ചേർത്തുപിടിക്കുകയായിരുന്നു നേതൃത്വം. ഇപ്പോൾ കൈവിടാൻ കാരണം, വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയാണെന്നാണ് സൂചന. ജോലി വാഗ്ദാനം ചെയ്ത്, മറ്റൊരു യുവതിയോടും ഇ എൻ സുരേഷ് ബാബു മോശമായി പെരുമാറിയെന്ന് പരാതിയുണ്ട്.
പാർട്ടി ഓഫീസിന്റെ നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും സുരേഷ് ബാബുവിന് തിരിച്ചടിയായി. എന്നാൽ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കാൻ നേതൃത്വം തയാറായിട്ടില്ല. അതേസമയം, സുരേഷ് ബാബുവിനെതിരെ കൂടുതൽ കർശനമായ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നാൽ കാരണം ഉൾപ്പെടെ പാർട്ടിക്ക് പൊതുമധ്യത്തിൽ വിശദീകരിക്കേണ്ടി വരും.




