കരിങ്കടലിൽ തുർക്കി കപ്പലിനു നേരെ റഷ്യൻ ഡ്രോൺ ആക്രമണം. കപ്പലിന്റെ ക്യാപ്റ്റനടക്കം രണ്ടു പേർ കൊല്ലപ്പെട്ടു. തുർക്കി ചരക്കു കപ്പലായ റോയാദ് മമ്മദോവ് ആണ് ആക്രമിക്കപ്പെട്ടത് ആക്രമണത്തെ തുടർന്ന് കപ്പൽ മുങ്ങി. റൊമാനിയൻ തീരത്താണ് കപ്പൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരടക്കം 11 ജീവനക്കാരെ റൊമാനിയൻ നാവികസേന രക്ഷിച്ചു. യുക്രെയ്ൻ തുറമുഖത്തു നിന്ന് ഇറ്റലിയിലേക്ക് ചോളം കൊണ്ടു പോകുകയായിരുന്നു കപ്പൽ. കപ്പൽ ആക്രമണത്തെ അപലപിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. പ്രതികരിക്കാതെ റഷ്യ. അതിനിടെ ഹോർമുസിൽ എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടതായി യു കെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ.
റഷ്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും, രണ്ട് ചരക്ക് കപ്പലുകൾ ആക്രമിച്ചതായി അവരുടെ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്കും കരിങ്കടലിലെ കപ്പലുകൾക്കുമെതിരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് തങ്ങൾ യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതെന്ന് റഷ്യ അറിയിച്ചു.
“സാഹചര്യം ശാന്തമാക്കുന്നതിനും കരിങ്കടലിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കൃത്യമായ നടപടികൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും, മറ്റ് രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും” യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു. റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച സെലെൻസ്കി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായി, യുക്രെയ്നിലുടനീളം ആക്രമണങ്ങൾ ശക്തമാക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.





