Headlines

യുക്രെയ്നിൽ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

യുക്രെയ്നിൽ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. അഞ്ചു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇരുനൂറിലേറെ പേർ സഞ്ചരിച്ച പാസഞ്ചർ ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഖാർകീവിലെ യാസികോവിന് സമീപമാണ് സംഭവം. റഷ്യൻ ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി അപലപിച്ചു. ട്രെയിനിന് നേരെ നടത്തിയ ആക്രമണം ഭീകരാക്രമണമെന്ന് സെലൻസ്കി പറഞ്ഞു.യുക്രെയ്‌നിന്റെ പടിഞ്ഞാറൻ അതിർത്തികൾക്കടുത്തുള്ള ചോപ്പിൽ നിന്ന് ബാർവിൻകോവ് എന്ന സ്ഥലത്തേക്ക് ട്രെയിൻ സർവീസ് നടത്തിയിരുന്നു. “ഒരു സിവിലിയൻ ട്രെയിനിൽ ഡ്രോൺ ആക്രമണം നടത്തുന്നത് പൂർണ്ണമായും തീവ്രവാദം പോലെ തന്നെ. ഇതിൽ ഒരു സൈനിക ലക്ഷ്യവുമില്ല” സെലെൻസ്‌കി പറഞ്ഞു. ഏറ്റവും പുതിയ ബോംബാക്രമണം സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തിയെന്നും യുദ്ധം അവസാനിപ്പിക്കാൻ റഷ്യയിൽ സമ്മർദ്ദം വർദ്ധിപ്പിക്കാൻ സഖ്യകക്ഷികളോട് അദേഹം ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യം ഏറ്റവും കഠിനമായ ശൈത്യകാലം നേരിടുമ്പോൾ, യുക്രെയ്‌നിന്റെ ഊർജ്ജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് മോസ്കോ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 2022 ഫെബ്രുവരിയിലാണ് യുക്രെയ്നെതിരെ സൈനിക നടപടിക്ക് നിർദേശം നൽകിയത്. നിലവിൽ യുക്രെയ്നിന്റെ ഏകദേശം 20 ശതമാനം റഷ്യയാണ് നിയന്ത്രിക്കുന്നത്.