വെറും നാലു മിനിറ്റുള്ള സൂം കോളിൽ 900 ജീവനക്കാരെ ഒറ്റയടിക്കു പിരിച്ചുവിട്ട് വിവാദ നായകനായ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ പുറത്താക്കി കമ്പനി. 2021ൽ ഇന്ത്യൻ വംശജനായ വിശാൽ ഗാർഗ് 900 ജീവനക്കാരെ ഒരുമിച്ചു പിരിച്ചവിട്ടത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ സിഇഒ സ്ഥാനത്തു നിന്ന് വിശാലിനെ നീക്കിയിരിക്കുകയാണ് ബെറ്റർ ഹോം ആൻഡ് ഫിനാൻസ് എന്ന കമ്പനി. തന്റെ പഴയ ജോലി തിരിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് നിലവിൽ വിശാൽ.
പുതുതായി സിഇഒ സ്ഥാനത്തെത്തിയ ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസ് തട്ടിപ്പു നടത്തിയാണ് നിയമനം നേടിയതെന്നും വിശാൽ ആരോപിക്കുന്നു. തന്നെ ചതിച്ചാണ് ലൂയിസ് സിഇഒ സ്ഥാനം തട്ടിയെടുത്തത്. കുറച്ചു മാസങ്ങൾക്ക് മുൻപ് കമ്പനിയിലെ ചെലവു കുറയ്ക്കാനും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനുമുള്ള ഉപദേശം നൽകാമെന്ന് പറഞ്ഞാണ് ലൂയിസ് തന്നെ സമീപിച്ചത്. കമ്പനിയുടെ നയങ്ങളെ സമൂഹ മാധ്യമങ്ങളിൽ പിന്തുണച്ചതോടെ ലൂയിസുമായുള്ള ബന്ധം വളർന്നു. തുടർന്ന് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പരിചയപ്പെടുത്തി. ജൂലൈ 27ന് ലൂയിസ് ഡയറക്ടർ ബോർഡിൽ അംഗമായി. തൊട്ടുപിന്നാലെ ഓഗസ്റ്റ് മൂന്നിന് ബോർഡിലെ മറ്റ് അംഗങ്ങളെ സ്വാധീനിച്ച് തന്നെ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കിയെന്നാണ് വിശാലിന്റെ ആരോപണം. തന്റെ സിഇഒ സ്ഥാനം തിരിച്ചു കിട്ടാനായി നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് വിശാൽ. ഇതിനായി അഭിഭാഷകനെയും നിയോഗിച്ചു. ഡയറക്ടർ ബോർഡിലെ മറ്റ് അംഗങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളും തുടങ്ങി. കമ്പനി ലാഭകരമാകുന്നതു വരെ പ്രതിവർഷം വെറും ഒരു ഡോളർ ശമ്പളത്തിൽ ജോലി ചെയ്യാമെന്നു വരെയാണ് വിശാലിന്റെ ഓഫർ. ഇക്കാര്യത്തിൽ കമ്പനി അധികൃതർ പ്രതികരിച്ചിട്ടില്ല.
താൻ കമ്പനിയുടെ സ്ഥാപകരിൽ ഒരാളും ബോർഡ് അംഗവും ഏറ്റവും കൂടുതൽ വോട്ടിങ് അധികാരമുള്ളയാൾ ആണെന്നും വിശാൽ തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു. തോറ്റു പിന്മാറില്ലെന്നും കമ്പനിയുടെ നല്ല ഭാവിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ പിരിച്ചു വിടൽ
2021 ഡിസംബറിൽ വിശാൽ നടത്തിയ പിരിച്ചു വിടൽ കോർപറേറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. കമ്പനിയുടെ ആകെ ജീവനക്കാരിൽ 15 ശതമാനം പേരെയാണ് ഇങ്ങനെ പിരിച്ചു വിട്ടത്. ‘ഈ കോളിൽ ഉള്ളവരെയെല്ലാം പിരിച്ചു വിടുകയാണെന്ന്’ വിശാൽ പറയുന്ന വീഡിയോ റെക്കോർഡുകൾ പ്രചരിച്ചതും കമ്പനിക്കും തിരിച്ചടിയായി. മാർക്കറ്റിങ്, പബ്ലിക് റിലേഷൻസ് വിഭാഗത്തിലുള്ള ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥർ കമ്പനിയിൽ നിന്ന് രാജിവച്ചു. പിന്നാലെ മാപ്പുപറഞ്ഞ വിശാൽ അവധിയിൽ പോവുകയും ചെയ്തു. വിശാലിനെതിരെ കമ്പനി അന്വേഷണവും പ്രഖ്യാപിച്ചു. ജീവനക്കാർ കടുത്ത മാനസിക സമ്മർദത്തിലാണ് ജോലി ചെയ്യുന്നതെന്ന റിപ്പോർട്ടുകളും കൂടി വന്നതോടെ കമ്പനി പ്രതിരോധത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് വിശാലിനെ കമ്പനി പുറത്താക്കാൻ തീരുമാനിച്ചതെന്നാണ് കരുതുന്നത്.






