Headlines

അവന്‍ ഭക്തന്‍ ഒന്നുമല്ല..കാശിക്ക് പോകുമെന്ന് എഴുതിയത് മറ്റൊരാളുടെ പ്രേരണയാലാകും; ശിവസൂര്യയുടെ ബന്ധു; ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കാന്‍ കുടുംബം

കണ്ണൂര്‍: ചൊക്ലിയിലെ പ്ലസ് ടു വിദ്യാര്‍ഥി ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കും. ന്യൂമാഹിക്ക് സമീപമുള്ള പെരിങ്ങാടിയില്‍ വച്ചാകും രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കുക. പതിനേഴുകാരനെ കാണാതായിട്ട് ഇന്ന് 49 ദിവസം തികയുകയാണ്.

ഒരു സിസിടിവിയില്‍ പോലും ഇല്ലെന്ന് പറയുന്നു, അങ്ങനെ ആണെങ്കില്‍ കുട്ടിയെ ആരെങ്കിലും കൊണ്ടുപോയതായിരിക്കാമെന്ന് ശിവസൂര്യയുടെ ബന്ധു ബബിജ പറഞ്ഞു. എല്ലാ സിസിടിവികളും ഒന്നുകൂടി പരിശോധിക്കണം. കാശിക്ക് പോകുമെന്ന് എഴുതിയത് ആരുടെയെങ്കിലും പ്രേരണയിലാകാം. അവന്‍ അങ്ങനെ അമ്പലങ്ങളിലൊന്നും പോകാറില്ല. വിളിച്ചാല്‍ തന്നെ വരാറില്ല. ഭക്തന്‍ ഒന്നുമല്ല. അങ്ങനെ ആരോടും അവന്‍ സംസാരിക്കാറില്ല. അധികം സുഹൃത്തുക്കളുമില്ല. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ഉണ്ടായിരുന്നു. വളരെ ബുദ്ധിശാലിയായ കുട്ടിയാണ്. നിങ്ങളെയെല്ലാം പഠിപ്പിച്ച് ഒരു നിലയിലെത്തിക്കഴിഞ്ഞാല്‍ തനിക്ക് കാശിക്ക് പോകാമെന്ന് കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ നിന്ന് സ്വാഭാവികമായി സംസാരിച്ചിരുന്നു. അത് അവന്‍ ഈ രീതിയില്‍ ഫോക്കസ് ചെയ്യുമെന്ന് ഞങ്ങളും അറിഞ്ഞില്ല – ബബിജ പറഞ്ഞു.മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തലശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്ഐ ആര്‍ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ എട്ട് പേരാണ് ഉള്ളത്.

ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു.