പ്രഭാത വാർത്തകൾ

 

🔳യുദ്ധകാഹളവുമായി റഷ്യ. അഞ്ചു യുക്രെയിന്‍കാരെ റഷ്യ വധിച്ചു. ഷെല്ലാക്രമണത്തിലൂടെ റഷ്യന്‍ പട്ടാളം യുക്രെയിന്റെ രണ്ടു സൈനിക വാഹനങ്ങള്‍ തകര്‍ത്തു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാരെയാണ് ആക്രമിച്ചതെന്നു റഷ്യന്‍ പട്ടാളം. യുക്രെയിന്‍ പ്രതികരിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

🔳സംസ്ഥാന സര്‍ക്കാരിനെതിരെ മാര്‍ച്ച് നാലിനു യുഡിഎഫ് പ്രക്ഷോഭം. എംപിമാരും എംഎല്‍എമാരും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തും. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിച്ചും സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രക്ഷോഭം. സില്‍വര്‍ ലൈനിനെതിരേ മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാലുവരെ സംസ്ഥാന വ്യാപകമായി സമരം നടത്തും. കക്ഷിനേതാക്കള്‍ എല്ലാ ജില്ലകളിലും പങ്കെടുക്കും.

🔳ലൈഫ് പദ്ധതി വഴി ഇരുപതിനായിരം വീടുകള്‍കൂടി ഉടനേ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനകം രണ്ടേമുക്കാല്‍ ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ഭവനരഹിതര്‍ക്കാണ് ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്.

🔳തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കളായ എംവി ജയരാജന്‍, പി ജയരാജന്‍, എഎന്‍ ഷംസീര്‍ എംഎല്‍എ തുടങ്ങിയവര്‍ അടക്കം നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

🔳സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

🔳ഹരിദാസിനെ കൊലപ്പെടുത്തിയ സംഘം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി. കൊലപാതകത്തിന് ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോല്‍ ക്ഷേത്രത്തില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.

🔳ഹരിദാസിന്റെ കൊലപാതകം ജനങ്ങളുടെ അത്മവിശ്വാസം തകര്‍ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിഷ്‌കളങ്കരായ മനുഷ്യര്‍ ഇങ്ങനെ കൊല്ലപ്പെടുന്നതു നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

🔳ബിജെപിയില്ലാത്ത സമൂഹം സൃഷ്ടിക്കുകയാണ് രക്തസാക്ഷികളോടു ചെയ്യാവുന്ന ഏറ്റവും വലിയ നീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. പത്തനംതിട്ടയില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപിന്റെ കുടുംബത്തിനുള്ള ധനസഹായം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി. ഒരോ പ്രദേശത്തും പാര്‍ട്ടിയുടെ മികച്ച സഖാക്കളെ കണ്ടെത്തി കൊലപ്പെടുത്തുകയെന്നതാണ് കേരളത്തില്‍ ആര്‍എസ്എസ് നടപ്പാക്കുന്ന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

🔳മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച എഎസ്ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി. കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനുള്ളിലാണ് എഎസ്ഐയ്ക്കു മര്‍ദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

🔳കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരന്തരം സുരക്ഷാവീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എട്ട് പേരെ ഉടന്‍ നിയമിക്കണമെന്ന് കേരള ഹൈക്കോടതി. നടപടി റിപ്പോര്‍ട്ട് നാളെതന്നെ ഹൈക്കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊലപാതകത്തിനുശേഷം അന്തേവാസികള്‍ ചാടിപ്പോകുന്നതു പതിവായ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടല്‍.

🔳നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു ദിലീപ് തടസം നില്‍ക്കുന്നത് എന്തിനാണെന്നു ഹൈക്കോടതി. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. നടിയുടെ ഹര്‍ജി പരിഗണിച്ചാണ് കക്ഷി ചേര്‍ത്തത്. തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണമെന്ന് ദിലീപ് ആരോപിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള ക്രൈം ബ്രാഞ്ച് നോട്ടീസിനു മറുപടി നല്‍കി

🔳വീട്ടില്‍ അതിഥിയായി എത്തിയ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരി പ്രതിയാകും. 2017 മെയ് 20ന് രാത്രിയിലാണ് കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ ആക്രമണത്തിന് ഇരയായത്. പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത് സ്വാമിയുടെ സഹായിയായ അയ്യപ്പദാസാണെന്നാണ് കണ്ടെത്തല്‍. ഇയാളുമായുള്ള ബന്ധത്തിനു തടസംനിന്ന ഗംഗേശാനന്ദനയെ കേസില്‍പ്പെടുത്തി ഒഴിവാക്കാനായിരുന്നു പദ്ധതിയെന്നാണു ക്രൈംബ്രാഞ്ച് നിലപാട്.

🔳സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിവരാവകാശ പ്രകാരം പുറത്തുവിടാനാവില്ലെന്ന് വിവരാവകാശ കമ്മീഷണറുടെ മറുപടി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണു റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നു മറുപടി നല്‍കിയത്.

🔳സ്ഥലത്തിന്റെ ആര്‍ഒആര്‍ നല്‍കാത്തതിന് ഇടുക്കി പൂപ്പാറ വില്ലേജ് ഓഫീസില്‍ മദ്യപസംഘത്തിന്റെ ആക്രമണം. സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എംഎസ് ബിജുവിനെയും ജീവനക്കാരെയും കയ്യേറ്റം ചെയ്തു. ശല്യാംപാറ സ്വദേശി ബഷീറിന്റെ നേതൃത്വത്തില്‍ മൂന്നു പേര്‍ ഓഫീസ് രേഖകളും കമ്പ്യൂട്ടറും നശിപ്പിച്ചെന്നാണു പരാതി.

🔳കണ്ണൂര്‍ മാതമംഗലത്ത് സിഐടിയുക്കാര്‍ പൂട്ടിച്ച കട തുറക്കാന്‍ ധാരണ. കടക്കുള്ളില്‍നിന്നു സാധനങ്ങള്‍ കയറ്റാനുള്ള അവകാശം ഉടമയ്ക്കായിരിക്കും. വലിയ വാഹനത്തില്‍ വരുന്ന സാധനങ്ങള്‍ സിഐടിയുക്കാര്‍ ഇറക്കും. ചെറിയ വാഹനത്തില്‍ കൊണ്ടു വരുന്ന സാധനങ്ങള്‍ ഉടമ ഇറക്കും. കടയുടെ മുന്നിലെ സമര പന്തല്‍ പൊളിക്കും. ഊരു വിലക്കും പിന്‍വലിക്കും. ലേബര്‍ കമ്മീഷണറും കടയുടമ റാബിയും സിഐടിയുക്കാരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ 23 മുതല്‍ കടയ്ക്ക് ഉപരോധമായിരുന്നു.

🔳തലയ്ക്കു ഗുരുതര പരിക്കേറ്റ് ചികിത്സക്കെത്തിച്ച രണ്ടു വയസുകാരി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍. എറണാകുളം തൃക്കാക്കരയ്ക്കു സമീപം തെങ്ങോട് അമ്മയുടെ ബന്ധു മര്‍ദ്ദിച്ചാണു തലക്കു പരിക്കേറ്റത്. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. പൊള്ളലേറ്റിട്ടുമുണ്ട്. ഹൈപ്പര്‍ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണെന്നാണ് അമ്മ നല്‍കിയ മൊഴി. എന്നാല്‍ കുഞ്ഞിനെ മര്‍ദ്ദിച്ചതാണെന്ന് അമ്മൂമ്മ പറഞ്ഞു. കുഞ്ഞിനു പരിക്കേറ്റിട്ടും യഥാസമയം ചികില്‍സ നല്‍കാതിരുന്നതിന് അമ്മയ്ക്കെതിരെ കേസെടുത്തു.

🔳കായംകുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നുവെന്ന് കായംകുളം എംഎല്‍എ യു. പ്രതിഭ. അമ്പലപ്പുഴയിലെ വോട്ടു ചോര്‍ച്ച പാര്‍ട്ടിയില്‍ ചര്‍ച്ച ആയിട്ടും കായംകുളത്തെ വോട്ടുചോര്‍ച്ച പരിശോധിച്ചില്ലെന്നാണു പരാതി. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വ്വസമ്മതരായി നടക്കുകയാണെന്നും പ്രതിഭ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

🔳ആലപ്പുഴ തുമ്പോളി പള്ളിക്കു പടിഞ്ഞാറുഭാഗത്ത് പാചകവാതക ഗോഡൗണിനു സമീപത്തെ കയര്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. അഗ്നിരക്ഷാ സേന എത്തി തീയണച്ചു. ലേഖ നിവാസില്‍ ബിന്ദു സുനിലിന്റെ ഉടമസ്ഥതയിലുള്ള എ ആന്റ് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 80 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

🔳എട്ടു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ഇരുപത്തൊന്നര വര്‍ഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. 2020 ജൂണില്‍ കാളിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നിലാണ് തൊടുപുഴ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പത്തു വയസ്സുകാരിയായ മൂത്ത മകളെ പീഡിപ്പിച്ച കേസിന്റെ വിചാരണ അടുത്ത മാസം 21 ന് തുടങ്ങും. കുട്ടികളെ ഉപേക്ഷിച്ചുപോയ അമ്മയുടെ പരാതിയെ ആധാരമാക്കി നടത്തിയ അന്വേഷണത്തിലാണ് അച്ഛന്‍ കുടുങ്ങിയത്.

🔳കോഴിക്കോട് നാദാപുരം പശുക്കടവില്‍ മാവോയിസ്റ്റ് സംഘം. പാമ്പന്‍കോട് മലയില്‍ നാലു സ്ത്രീകള്‍ അടക്കമുള്ള ആറംഗ മാവോയിസ്റ്റ് സംഘം ഇന്നലെ വൈകുന്നേരത്തോടെയാണ് എത്തിയത്. സംഘത്തിന്റെ കൈയില്‍ തോക്കുണ്ടായിരുന്നതായാണ് പൊലീസിനു ലഭിച്ച മൊഴി.

🔳ഹിജാബ് അണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാപ്പ് പറഞ്ഞു. സബ്കളക്ടര്‍ ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു പ്രശ്നം പരിഹരിച്ചത്.

🔳തിരുന്നാവായയില്‍ ഭക്ഷ്യ വിഷബാധ. വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത ഇരുന്നൂറോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധ. സമീപത്തെ കടകളില്‍നിന്നും വഴിയോര തട്ടുകടകളില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും ഉണ്ടായത്.

🔳മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ആറ്റിന്‍കര അമല്‍ ബെന്നി, അമ്പായക്കുന്നുമ്മല്‍ വിഷ്ണുദാസ് എന്നിവരാണ് 810 മില്ലി ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

🔳കര്‍ണാടക ശിവമോഗയില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിറകേ പരക്കെ അക്രമം. 26 കാരനായ ഹര്‍ഷയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. രണ്ടു പേരെകൂടി പിടികൂടാനുണ്ടെന്നു ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര പറഞ്ഞു.

🔳രാജ്യത്ത് ഒരു വാക്സീനു കൂടി അനുമതി. പന്ത്രണ്ടു വയസ്സിന് മുകളിലുള്ളവര്‍ക്കു കുത്തിവക്കാവുന്ന ബയോളജിക്കല്‍ ഇ യുടെ കോര്‍ബി വാക്സീനാണ് അനുമതി നല്‍കിയത്.

🔳ഈ സാമ്പത്തിക വര്‍ഷം 695.67 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം. 94.15 ലക്ഷം കര്‍ഷകര്‍ക്ക് 1.36 ലക്ഷം കോടി രൂപ ഈയിനത്തില്‍ നല്‍കി. രാജ്യത്തെ കര്‍ഷകരില്‍ നിന്ന് താങ്ങുവില അടിസ്ഥാനമാക്കിയാണ് നെല്ല് സംഭരിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജസ്റ്റീസ് ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ സമിതി സുപ്രീം കോടതിക്ക് ഇടക്കാല റിപ്പോര്‍ട്ടു നല്‍കി. സുപ്രീം കോടതിയാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.

🔳ലക്ഷദ്വീപ് കവരത്തിയിലെ അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ കപ്പല്‍ കുടുങ്ങി. കൊച്ചിയില്‍നിന്നു കവരത്തിയിലേക്കു പോയ എംടി തിലാക്കം എന്ന എണ്ണക്കപ്പലാണ് കുടുങ്ങിയത്.

🔳അബുദാബി വിമാനത്താവളത്തില്‍നിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

🔳ഐഎസ് ഭീകര സംഘടനാ മേധാവികള്‍ക്കും പാക്കിസ്ഥാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപം. സ്വിറ്റ്സര്‍ലാന്‍ഡിലെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസില്‍നിന്ന് ചോര്‍ന്നതാണ് ഈ വിവരം. അറുനൂറുപേരുടെ അക്കൗണ്ടു വിവരങ്ങളാണു ചോര്‍ന്നത്.

🔳ഇറാനില്‍ കൊലക്കുറ്റം ചെയ്തതിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി, ഇരയുടെ കുടുംബവും കോടതിയും മാപ്പുനല്‍കിയെന്ന് അറിഞ്ഞതോടെ ഹൃദയാഘാതംമൂലം മരിച്ചു. ഇറാന്‍ സ്വദേശിയായ അക്ബര്‍ എന്ന അമ്പത്തഞ്ചുകാരനാണ് മരിച്ചത്. ബന്ദര്‍ അബ്ബാസിലെ കോടതിയാണ് ഇരയുടെ കുടുംബം മാപ്പുനല്‍കിയതോടെ വധശിക്ഷ ഒഴിവാക്കിയത്. 37 -ാം വയസ്സിലാണ് ഇയാള്‍ ജയിലിലായത്.

🔳ഡീസല്‍ വാങ്ങാന്‍ പണമില്ലാതെ ശ്രീലങ്ക. കൊളംബോ തീരത്ത് കാത്തുകെട്ടി കിടക്കുന്ന 40,000 ടണ്‍ ഡീസല്‍ വാങ്ങാന്‍ 350 ലക്ഷം ഡോളര്‍ വായ്പ കിട്ടണം. വളരെ കുറച്ചു ദിവസത്തേക്കുള്ള ഡീസല്‍ മാത്രമേ രാജ്യത്തുള്ളൂ. ശ്രീലങ്ക ഓരോ മാസവും ഇന്ധനത്തിനായി 4500 ലക്ഷം ഡോളറാണ് ചെലവാക്കാറുള്ളത്. രണ്ടു മാസമായി തുക 236 കോടി ഡോളറായി വര്‍ധിച്ചതോടെയാണ് പ്രതിസന്ധി.

🔳സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിന് നേരെ യമന്‍ വിമത വിഭാഗമായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ലക്ഷ്യത്തിലെത്തും മുമ്പ് ഡ്രോണ്‍ അറബ് സഖ്യസേന പാട്രിയേറ്റ് മിസൈലയച്ച് തകര്‍ത്തു. തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ വിമാനത്താവളം കോംപൗണ്ടില്‍ പതിച്ച് നാലുപേര്‍ക്കു പരിക്കേറ്റു.

🔳ഐഎസ്എല്ലില്‍ ഒഡിഷ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ബെംഗലൂരു എഫ് സി. ജയത്തോടെ 18 കളികളില്‍ നിന്ന് 25 പോയന്റുമായി ബെംഗലൂരു എഫ് സി അഞ്ചാം സ്ഥാനത്തേക്ക് കയറിയതിനൊപ്പം പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.

🔳കേരളത്തില്‍ ഇന്നലെ 42,700 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 11 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ രേഖപ്പെടുത്തിയ 117 മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 64,273 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,026 പേര്‍ രോഗമുക്തി നേടി. ഇതോടെ 58,932 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186, കണ്ണൂര്‍ 179, പാലക്കാട് 151, വയനാട് 104, കാസര്‍ഗോഡ് 93.

🔳രാജ്യത്ത് ഇന്നലെ 11,574 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 806, കര്‍ണാടക- 679, തമിഴ്‌നാട്-788.

🔳ആഗോളതലത്തില്‍ ഇന്നലെ പതിമൂന്ന് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 20,164. റഷ്യ- 1,52,337, ജര്‍മനി – 1,11,824. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.61 കോടി പേര്‍ക്ക്. നിലവില്‍ 6.74 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5884 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.05 ലക്ഷമായി.

🔳ഇന്ത്യയുടെ വിദേശ നാണയശേഖരം ഫെബ്രുവരി 11ന് അവസാനിച്ച ആഴ്ചയില്‍ 176.3 കോടി ഡോളര്‍ ഇടിഞ്ഞ് 63,019 കോടി ഡോളറില്‍ എത്തി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 219.8 കോടി ഡോളറിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. വിദേശ കറന്‍സി ആസ്തിയില്‍ ഉണ്ടായ ഇടിവാണ് കഴിഞ്ഞവാരം തിരിച്ചടിയായത്. ഡോളറിന് പുറമേ യൂറോ, യെന്‍, പൗണ്ട് തുടങ്ങിയവയും ഉള്‍പ്പെടുന്ന എഫ്.സി.എ 276.4 കോടി ഡോളര്‍ കുറഞ്ഞ് 56,556.5 കോടി ഡോളറായി. ഈ കറന്‍സികളുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിനുകാരണം. അന്താരാഷ്ട്ര നാണ്യനിധിയില്‍ഇന്ത്യയുടെ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ് 6.50 കോടി ഡോളര്‍ ഉയര്‍ന്ന് 1,917.3 കോടി ഡോളറിലെത്തി. ഐ.എം.എഫിലെ ഇന്ത്യയുടെ കരുതല്‍ ധനം 521.7 കോടി ഡോളറാണ്; ഇടിവ് 1.6 കോടി ഡോളര്‍. കഴിഞ്ഞ സെപ്തംബറില്‍ കുറിച്ച 64,245.3 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിന്റൈ എക്കാലത്തെയും ഉയരം.

🔳തെക്ക് കിഴക്കന്‍ ഏഷ്യ-മിഡില്‍ ഈസ്റ്റ്-പടിഞ്ഞാറന്‍ യൂറോപ്പ്-6 എന്ന കടലിനടിയിലൂടെയുള്ള കേബിള്‍ കണ്‍സോര്‍ഷ്യത്തില്‍ പങ്കാളിയാകാന്‍ ഭാരതി എയര്‍ടെല്ലും. അതിവേഗം വളരുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉയര്‍ന്ന വേഗതയുള്ള ആഗോള നെറ്റ് വര്‍ക്ക് ശേഷി നല്‍കുകയെന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് എയര്‍ടെല്‍ പറയുന്നു. 2025 ല്‍ സജീവമാകുന്ന പദ്ധതിയിലെ പ്രധാന നിക്ഷേപകര്‍ എയര്‍ടെല്ലാണെന്നാണ് പറയുന്നത്. മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനത്തോളം വരും എയര്‍ടെല്ലിന്റെ നിക്ഷേപം. ഇത് ആഗോളതലത്തില്‍ തന്നെ കടലിനടിയിലൂടെയുള്ള ഏറ്റവും വലിയ കേബിള്‍ സംവിധാനമാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

🔳മോഹന്‍ലാല്‍ നായകനായ ചിത്രം ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി’ലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘താരുഴിയും’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ നെടുമുടി വേണുവടക്കമാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരിക്കുന്നത്. ഹരിശങ്കര്‍ കെ എസും പൂര്‍ണശ്രീ ഹരിദാസുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നിഖിലേഷ് കുമാര്‍ ചെമ്പിലോട് ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ലോകമാകമാനം 2700 സ്‌ക്രീനുകളിലാണ് ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ റിലീസ് ചെയ്തത്.

🔳മുപ്പത്തിആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടന്‍ ശങ്കര്‍ നിര്‍മ്മാതാവാകുന്നു. എഴുത്തോല എന്നാണ് ചിത്രത്തിന്റെ പേര്. നിഷ സാരംഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് സുരേഷ് ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. അഭിനയജീവിതം നാല്പത്തിരണ്ടുവര്‍ഷം എത്തുമ്പോള്‍ ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന ബാനറിലാണ് ശങ്കര്‍ നിര്‍മ്മാണ രംഗത്തേക്ക് വീണ്ടും വരുന്നത്. ടി. ശങ്കര്‍ എന്ന പേരിലാണ് നിര്‍മ്മാണം. ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് എഴുത്തോല.

🔳ഓഡി ക്യൂ സെവന്‍ സ്വന്തമാക്കി ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ അതിയ ഷെട്ടി. 88.3 ലക്ഷം രൂപയാണ് ഓഡിയുടെ ഏറ്റവും പുതിയ മോഡലായ ക്യൂ സെവനിന്റെ ഇന്ത്യയിലെ വില. 79.9 ലക്ഷം രൂപയ്ക്ക് ഇതിന്റെ ബേസ് മോഡലും വിപണിയില്‍ ലഭ്യമാണ്. ക്യൂ സെവനിന്റെ 55 ടിഎഫ്എസ്ഐ ക്യൂ എന്ന വേരിയന്റാണ് അതിയ സ്വന്തമാക്കിയിരിക്കുന്നത്. 335 ബി എച്ച് പി പവറും 500 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള മൂന്ന് ലിറ്റര്‍ ടി എഫ് എസ് ഐ വി 6 എന്‍ജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. എട്ട് സ്പീഡ് ഗിയര്‍ ബോക്സോട് കൂടി വരുന്ന ക്യൂ സെവന്‍, ഹൈബ്രിഡ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

🔳കഥാനായകന്റെ യഥാര്‍ത്ഥ ജീവിതവും അയാള്‍ സങ്കല്പിച്ചുണ്ടാക്കിയ, അയാളാല്‍ നിര്‍മ്മിക്കപ്പെട്ട, ഒരു ഡോക്ടറുടെ ജീവിതവും കൂടിക്കുഴഞ്ഞ് കിടക്കുന്ന നോവല്‍. ഹുവാന്‍ മരിയ ബ്രൗസെന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. സ്തനാര്‍ബുദം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യയുടെ ശരീരം അയാള്‍ക്ക് ബീഭത്സമായി തോന്നുന്നു. ‘ഹ്രസ്വജീവിതം’. ജുവാന്‍ കാര്‍ലോസ് ഓണെറ്റി. വിവര്‍ത്തനം – സുരേഷ് എം.ജി. ഗ്രീന്‍ ബുക്സ്. വില 475 രൂപ.

🔳ഒമിക്രോണിനും ഉപവകഭേദങ്ങളുണ്ടെന്നും അത് ഇന്ത്യ അടക്കം പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ബിഎ.2 അഥവാ ‘ഒമിക്രോണിന്റെ മകന്‍’ എന്നറിയപ്പെടുന്ന ഉപവകഭേദം ഒമിക്രോണിനെക്കാള്‍ ഭയപ്പെടേണ്ട രോഗകാരിയാണെന്നാണ് പുതിയ വിവരം. ജപ്പാനില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പുറത്തുനിന്ന് മൂക്കിലൂടെ ശരീരത്തിലേക്ക് കടക്കുന്ന വൈറസ്, അവിടെ വച്ച് തന്നെ വലിയ തോതില്‍ പെരുകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതേസമയം ‘ഡെല്‍റ്റ’യോളം തന്നെ അപകടകാരിയല്ല ബിഎ.2 എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബൂസ്റ്റര്‍ ഡോസ് അടക്കം മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലു നേരത്തെ കൊവിഡ് ബാധിച്ചവര്‍ക്കും ബിഎ.2 അണുബാധ ഗുരുതരമാകണമെന്നില്ല. എന്നാല്‍ വാക്‌സിന്‍ മുഴുവന്‍ ഡോസ് സ്വീകരിക്കാത്തവരിലും കൊവിഡ് ബാധിക്കാത്തവരിലും ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് ഇവരുടെ നിഗമനം. നിലവില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലാണ് ബിഎ.2 ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ഗുരുതരമാക്കാനുള്ള സാധ്യതയ്ക്ക് പുറമെ ടെസ്റ്റില്‍ വൈറസ് സാന്നിധ്യം കണ്ടെത്തപ്പെടാതെ പോകാനുള്ള സാധ്യതയും ബിഎ.2വിന്റെ കാര്യത്തിലുള്ളതായി പഠനം ചൂണ്ടിക്കാട്ടുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു Accountant ന്റെ മകനായി ഒരു സാധാരണ കുടുംബത്തിലാണ് അവന്‍ ജനിച്ചത്. പഠന വൈകല്യം ഉണ്ടായിരുന്നതിനാല്‍, ആ മേഖലയില്‍ അവനു ശോഭിക്കാന്‍ കഴിയാതെ പോയി. കൂട്ടുകാരെ കിട്ടാതെ, ഒറ്റപ്പെട്ട സ്‌കൂള്‍ജീവിതം നയിക്കേണ്ട സാഹചര്യമായിരുന്നു അവനുണ്ടായിരുന്നത്. പക്ഷേ മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവ് കൊണ്ട് അവന്‍ ആ അവസ്ഥ മറികടന്നു. എന്നാല്‍ അധ്യാപകരെല്ലാം ആ കുട്ടിയെ ഒരു ശല്യമായാണ് കണ്ടത്. അവന്റെ അഭിനയിക്കാനുള്ള ആഗ്രഹം അച്ഛന്‍ പ്രോത്സാഹിപ്പിച്ചു. പക്ഷേ അമ്മ അതിനെതിരായിരുന്നു. എങ്കിലും ആ കഴിവ് വളര്‍ത്താന്‍ അവന്‍ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെയൊരിക്കല്‍ അവന്റെ അച്ഛന്റെ ജോലി നഷ്ടപ്പെട്ടു. മൂന്ന് സഹോദരങ്ങളും അച്ഛനും അമ്മയുമുള്ള ആ കുടുംബം അന്നന്നത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടായി. തന്റെ അമ്മ കൂടി കിടപ്പിലായപ്പോള്‍ ആ പയ്യന് താത്കാലികമായെങ്കിലും തന്റെ ആഗ്രഹം മറക്കേണ്ടി വന്നു. സ്‌കൂള്‍ കഴിഞ്ഞ് ഫാക്ടറികളില്‍ 8 മണിക്കൂര്‍ Shift ല്‍ പണിയെടുത്തും, വീടുകളില്‍ ജോലി ചെയ്തും അവന്‍ സ്വന്തം കുടുംബം പുലര്‍ത്തി. അന്നവന് വയസ്സ് 15! ഏകദേശം ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍, തളര്‍ച്ച അവനെ വല്ലാതെ ബാധിച്ചു തുടങ്ങി. അങ്ങനെ തന്റെ പതിനാറാം വയസ്സില്‍ അവന്‍ പഠനം ഉപേക്ഷിച്ചു. അന്നാട്ടില്‍ രക്ഷയില്ലെന്നു കണ്ടപ്പോള്‍, ആ കുടുംബം കാനഡയിലേക്ക് താമസം മാറി. ആദ്യകാലത്ത് താമസിക്കാനൊരു ഇടം കിട്ടാന്‍ പോലും അവര്‍ ബുദ്ധിമുട്ടി. അവിടെ പരിചയക്കാരോ, കൂട്ടുകാരോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. ആ ദയനീയ അവസ്ഥയില്‍ അവര്‍ ജീവിതം തള്ളി നീക്കി. അവരുടെ ജീവിതം തരക്കേടില്ലാത്ത ഒരു നിലയില്‍ എത്തിയപ്പോള്‍, ആ പയ്യന്‍ വീണ്ടും തന്റെ സ്വപ്നം പിന്തുടരാനുള്ള ശ്രമം തുടങ്ങി. തുടക്കകാലത്ത് തുച്ഛമായ പൈസയ്ക്ക് Stand Up Comedian ആയി ജോലി ചെയ്ത്, ഒടുവില്‍ Regular Income ഉള്ള ഒരു Reputed Comedian ആയി അയാള്‍ മാറി. അങ്ങനെയൊരിക്കല്‍ പ്രശസ്ത കൊമേഡിയന്‍ Rodney Dangerfield അയാളെ ശ്രദ്ധിക്കുകയുണ്ടായി. അവന്റെ കഴിവ് തിരിച്ചറിഞ്ഞ അയാള്‍ അവന് Tour Performance കള്‍ ചെയ്യാന്‍ അവസരം കൊടുത്തു. പതിയെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ അവനെ തിരിച്ചറിയാന്‍ തുടങ്ങി. അങ്ങനെ അയാള്‍ Hollywood ലേക്ക് ചുവടുവയ്ക്കാന്‍ ശ്രമിച്ചു. ആദ്യത്തെ കുറച്ചു കാലം കൊണ്ട് The Comedy Store, Tonight Show എന്നിങ്ങനെ പ്രമുഖ വേദികളിലൊക്കെ തന്റെ സാന്നിധ്യം അറിയിച്ചു. അപ്പോഴും അവന്റെ ആഗ്രഹം എങ്ങനെയെങ്കിലും സിനിമയില്‍ കയറണം എന്നായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് Auditions ല്‍ നിന്നും അയാള്‍ പുറത്തായി. പക്ഷേ അയാള്‍ തളര്‍ന്നില്ല. പരിശ്രമിച്ചുകൊണ്ടിരുന്നു. ‘ശ്രമിച്ചാല്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ല’ എന്ന വിശ്വാസമായിരുന്നു അയാളുടെ ജീവിതത്തിന്റെ അടിത്തറ. അയാളുടെ ആ ദൃഢനിശ്ചയത്തിനു മുന്നില്‍ വിധി പോലും തോറ്റു പിന്മാറി. അയാള്‍ വളര്‍ന്നു. ലോകം ഏറ്റവുമധികം തിരിച്ചറിയുന്ന വ്യക്തികളില്‍ ഒരാളായി മാറും വരെ അയാള്‍ വളര്‍ന്നു. തന്റെ സിനിമകള്‍ തന്റേതു മാത്രമാക്കി മാറ്റിയ ആ വ്യക്തി നമ്മളെ ഒരുപാട് ചിരിപ്പിച്ചു. അഭിനയിച്ചു വിസ്മയിപ്പിച്ചു. അതിജീവനത്തിന്റെ ഒരു പ്രതീകമായി മാറി. സിനിമ നിലനില്‍ക്കുന്നിടത്തോളം കാലം അയാളുടെ പേര് ഓര്‍ക്കപ്പെടും. ജിം ക്യാരി.. അതെ ശ്രമിച്ചാല്‍ നേടാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല – ശുഭദിനം.
➖➖➖➖➖➖➖➖

*Stay Safe Lets Break The Chain*