Headlines

‘കുറ്റവാളികൾ ശിക്ഷിക്കപ്പെടും, വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി വിശദമായ ചർച്ചയ്ക്ക് ശേഷം’, പി എസ് പ്രശാന്ത്

ശബരിമല സ്വര്ണമോഷണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി ഇന്നത്തെ വിശദമായ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റക്കാർ എന്ന് കോടതി ശിക്ഷിച്ചാൽ മാത്രമേ പെൻഷൻ ആനുകൂല്യങ്ങൾ പിടിച്ചുവെക്കാൻ കഴിയൂ. അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

സ്മാർട്ട് ക്രിയേഷനിൽ രേഖകൾ കാണാതായ സംഭവം എസ്ഐടി സംഘം അന്വേഷിക്കട്ടെ. സത്യം എന്തായാലും പുറത്തുവരും.കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല. സ്വർണ കൊള്ള മണ്ഡല മകരവിളക്ക് തീർത്ഥാടനത്തെ ബാധിക്കില്ല. അക്കാര്യത്തിൽ ബോർഡിന് ആശങ്കയില്ലെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

1999 മുതലുള്ള കാര്യങ്ങൾ അന്വേഷിക്കണം. 2007, 2011,2016 കാലത്ത് ആരായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റുമാർ. ഇവരെല്ലാം ദിവ്യന്മാരും ഇപ്പോൾ ഉള്ളവർ കള്ളന്മാരും എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
അതേസമയം, അതേസമയം, ശബരിമല സ്വർണമോഷണ വിവാദത്തിൽ കോൺഗ്രസിന്റെ വിശ്വാസസംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കമാകും. നാലു മേഖലകളിൽ നിന്നാണ് കോൺഗ്രസ് ജാഥ സംഘടിപ്പിക്കുന്നത്. കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം എന്നീ മേഖലകളിൽ നിന്നുള്ള ജാഥയാണ് ഇന്ന് ആരംഭിക്കുക.
മൂവാറ്റുപുഴയിൽ നിന്ന് ആരംഭിക്കുന്ന മേഖലാജാഥ നാളെ തുടങ്ങും. പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷും, കാസർഗോഡ് നിന്ന് കെ മുരളീധരനും, തിരുവനന്തപുരത്ത് നിന്ന് അടൂർ പ്രകാശും മൂവാറ്റുപുഴയിൽ നിന്ന് ബെന്നി ബഹന്നാനുമാണ് ജാഥ നയിക്കുക. നാല് ജാഥകളും ഈ മാസം 17ന് ചെങ്ങന്നൂരിൽ സംഗമിക്കും. 18 ന് പന്തളത്ത് മഹാസമ്മേളനത്തോടെ ജാഥ സമാപിക്കും.