ശബരിമല സ്വർണമോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിപ്പട്ടികയിൽപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്യും. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിലായിരിക്കും ഈ തീരുമാനങ്ങൾ കൈക്കൊള്ളുക.
ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നടപടി തന്നെ സുനിൽ കുമാറിനെതിരെയും ഉണ്ടാവാനാണ് സാധ്യത. പ്രതി പട്ടികയിൽ ഉള്ള വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം പൂർത്തിയായ ശേഷമേ ഉണ്ടാവൂ. ഇക്കാര്യത്തിൽ ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്.
അതേസമയം, ശബരിമല സ്വർണമോഷണ വിവാദത്തിൽ കോൺഗ്രസിന്റെ വിശ്വാസസംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കമാകും. നാലു മേഖലകളിൽ നിന്നാണ് കോൺഗ്രസ് ജാഥ സംഘടിപ്പിക്കുന്നത്. കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം എന്നീ മേഖലകളിൽ നിന്നുള്ള ജാഥയാണ് ഇന്ന് ആരംഭിക്കുക. മൂവാറ്റുപുഴയിൽ നിന്ന് ആരംഭിക്കുന്ന മേഖലാജാഥ നാളെ തുടങ്ങും. പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷും, കാസർഗോഡ് നിന്ന് കെ മുരളീധരനും, തിരുവനന്തപുരത്ത് നിന്ന് അടൂർ പ്രകാശും മൂവാറ്റുപുഴയിൽ നിന്ന് ബെന്നി ബഹന്നാനുമാണ് ജാഥ നയിക്കുക. നാല് ജാഥകളും ഈ മാസം 17ന് ചെങ്ങന്നൂരിൽ സംഗമിക്കും. 18 ന് പന്തളത്ത് മഹാസമ്മേളനത്തോടെ ജാഥ സമാപിക്കും.