പോസ്റ്റ്‌മോർട്ടം വിഭാഗത്തിൽ ഡോക്ടർ മദ്യപിച്ച് അബോധാവസ്ഥയിൽ, മൃതദേഹം വിട്ടുകൊടുക്കാൻ പണം ആവശ്യപ്പെട്ട് പുണെയിലെ ആശുപത്രി

പുണെ ∙ മഹാരാഷ്ട്രയിലെ പുണെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലെ (വൈസിഎംഎച്ച്) ഡോക്ടറെ ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് സസ്പെൻഡ് ചെയ്തു. പോസ്റ്റ്‌മോർട്ടം വിഭാഗത്തിൽ മദ്യപിച്ച് ബോധമില്ലാതെ ഡോ. വൈഭവ് മാസ്‌കെ കിടക്കുന്നതും സമീപത്തെ മേശയിൽ മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം നടത്തിയ ശേഷമാണ് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കമ്മിഷണർ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഡോക്ടർ മദ്യപിച്ചെന്നും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തി എന്നുമാണ് സസ്പെൻഷൻ ഉത്തരവിലുള്ളത്.യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലെ വീഴ്ചകളെ കുറിച്ച് മുൻപും ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓടുന്ന ആംബുലൻസിൽനിന്നും രോഗി സ്ട്രക്ചറോടെ പുറത്തേക്ക് വീഴുന്ന വിഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഒക്ടോബർ മൂന്നിന് മരിച്ച തൊഴിലാളിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആശുപത്രിക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഡോ. വൈഭവ് മാസ്‌കെയോടു മൃതദേഹം കൊണ്ടുപോകാൻ ആവശ്യമായ രേഖകൾ നൽകാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ തയാറായില്ല. ഈ സമയം ഡോക്ടറുടെ മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തി വച്ച ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മൃതദേഹം ഉടൻ വിട്ടുകിട്ടണമെങ്കിൽ പണം വേണമെന്നാണ് ആശുപത്രി ജീവനക്കാർ ബന്ധുക്കളോട് ആവശ്യപ്പെട്ടത്.