കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പതിനാല് ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്. ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വീട്ടിലുമായി ഇന്നലെയായിരുന്നു റെയ്ഡ്. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫിസ്,പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് രാത്രി ഒമ്പതിനാണ്.
രണ്ടേമുക്കാൽ കോടി രൂപയോളം അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് ഇന്നലത്തെ റെയ്ഡ് എന്ന് വിജിലൻസ് പറയുന്നു. റെയ്ഡിൽ എഴുന്നൂറിലധികം യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. കീഴ് ഉദ്യോഗസ്ഥർ കണ്ടെത്തുന്ന നികുതി വെട്ടിപ്പ് കേസുകളിൽ അന്വേഷണത്തിന് ഉത്തരവിടേണ്ടതും വിശദമായ റിപ്പോർട്ട് നൽകേണ്ടതും ജോയിന്റ് കമ്മിഷണറാണ്. നികുതി വെട്ടിപ്പുകാരെ നേരിട്ട് കണ്ട് പണം കൈപ്പറ്റി കേസുകൾ ഒത്തു തീർപ്പാക്കുന്നുവെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് പണവും ഡോളറും കണ്ടെത്തിയത്. പരിശോധന പൂർത്തിയായിട്ടുണ്ടെങ്കിലും കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നടത്തുമെന്നാണ് വിജിലൻസ് അറിയിക്കുന്നത്.






