ജിഎസ്ടിയിൽ അഴിച്ചുപണി; ഇനി ഉണ്ടാകുക 5 %, 18% സ്ലാബുകൾ മാത്രം, സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും

പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 5 %, 18% സ്ലാബുകൾ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം 28 ശതമാനം സ്ലാബുകളാണ് നികുതി ഘടനയിൽ നിന്ന് ഒഴിവാക്കിയത്. ഇരട്ട നികുതി ഘടന സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. 2017 ൽ പ്രഖ്യാപിച്ച ജിഎസ്ടി ഘടനയിലാണ് ഇപ്പോൾ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്.

രണ്ട് ദിവസത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്നായിരുന്നു ധനമന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ യോഗം ആരംഭിച്ച് ആദ്യ ദിവസം തന്നെ അടിയന്തര വാർത്താസമ്മേളനം വിളിച്ച് ധനമന്ത്രി പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയ കാര്യം പ്രഖ്യാപിക്കുകയായിരുന്നു.

സാധാരണക്കാരെ മുൻനിർത്തിയുള്ള തീരുമാനമാണ് ജിഎസ്ടി കൗൺസിൽ എടുത്തിരിക്കുന്നത്. എല്ലാ ധനമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തുവെന്നും പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ നടപ്പിലായെന്നും നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. വ്യവസായങ്ങൾക്ക് അനുകൂലമായ നിലപാടാണ് എടുത്തത്.

ഷാംപൂ, സോപ്പ് എന്നിവക്ക് 5%, ഹെയർ ഓയിൽ, ടോയ്ലറ്റ് സോപ്പ്, സൈക്കിൾ, മറ്റ് വീട്ടു സാധനങ്ങൾ 5%, പനീർ, റൊട്ടി, കടല എന്നിവക്ക് ജിഎസ്ടി ഒഴിവാക്കി. ഇന്ത്യൻ റോട്ടികകൾക്കും, ചപ്പാത്തികൾക്കും ജിഎസ്ടി ഇല്ല. ചോക്ലേറ്റ്,കാപ്പി എന്നിവയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി നിരക്ക് ഉണ്ടായിരിക്കും.

അൾട്രാ ഹൈ ടെമ്പറേച്ചർ മിൽക്കുകൾക്ക് ജിഎസ്ടി ഒഴിവാക്കി. ഇലക്ട്രിക്ക് ഉപകാരണങ്ങളായ ടി വി , ഡിഷ്‌ വാഷർ എന്നിവയ്ക്ക് 18% ജിഎസ്ടിയും കാർഷികോപകരണങ്ങൾ എന്നിവക്ക് 5%, സോസുകൾ, പാസ്ത , ബട്ടർ, ഗീ എന്നിവയുടെ നികുതി നിരക്ക് 28ൽ നിന്നും 18 ആക്കി കുറച്ചു. സിമന്റ് 18%, 33 ജീവൻ രക്ഷാമരുന്നുകൾക്കും ജിഎസ്ടി ഒഴിവാക്കി. ചെറിയ കാർ (350 സി സി ക്ക് താഴെ) 18% ഉം ട്രാക്ടർസ്, കാർഷിക ഉപകരണം 12% നിന്നും 5% ആക്കി. ജൈവ കീടനാശിനികൾ 5 %. കരകൗശല വസ്തുക്കൾ, മാർബിൾ തുടങ്ങിയവയ്ക്ക് 5% ആണ് ജിഎസ്ടി. കണ്ണാടി 5%, ഓട്ടോ പാർട്സ്, മുചക്ര വാഹനം 18%,പാൻ മസാല, പുകയില ഉൽപ്പന്നങ്ങൾ, ചൂയിങ് ടൊബാക്കോ എന്നിവയക്ക് 40%, സോളാർ പാനൽ 5%, കോള 40% ജിഎസ്ടിയും ഉൾപ്പെടുത്തി.

5% നികുതി: നിത്യോപയോഗ സാധനങ്ങൾ, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ, ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകൾ എന്നിവ ഈ സ്ലാബിൽ വരും.

18% നികുതി: ടി.വി, സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ഓട്ടോ പാർട്സ്, മൂന്ന് ചക്ര വാഹനങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. 350 സി.സി.യിൽ താഴെയുള്ള ചെറിയ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നികുതി 28-ൽ നിന്ന് 18 ശതമാനമായി കുറയും.
40% നികുതി: ആഡംബര കാറുകൾ, സ്വകാര്യ വിമാനങ്ങൾ, വലിയ കാറുകൾ, ഇടത്തരം കാറുകൾ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.

വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. പാൻ മസാല, സിഗരറ്റ് എന്നിവയുടെ വില കൂടും. ഇവയ്ക്കുള്ള നഷ്ടപരിഹാര സെസ്സ് തത്കാലം തുടരും.