കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്ത് മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. ഇരട്ട ജിഎസ്ടി ഘടനയെ സ്വാഗതം ചെയ്യുന്നു.എന്നാൽ ഏറെ വൈകിയാണ് മാറ്റമെന്നും ചിംദംബരം പറഞ്ഞു. നല്ല തീരുമാനമാണെങ്കിൽ പോലും എട്ട് വർഷം എന്നത് വൈകി പോയി എന്നാണ് അദേഹത്തിന്റെ പ്രതികരണം. നേരത്തെയെടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്ന് പി ചിദംബരം പറഞ്ഞു.
ഇരട്ട നികുതി ഘടനയിലൂടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുന്ന സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. അഞ്ച് ശതമാനം, പതിനെട്ട് ശതമാനം സ്ലാബുകൾ മാത്രമാകും ഇനിയുണ്ടാവുക. പന്ത്രണ്ട്, ഇരുപത്തിയെട്ട് ശതമാനം സ്ലാബുകൾ ഒഴിവാക്കി. ഇരട്ട നികുതി ഘടന സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അൾട്രാ ഹൈടെംപറേച്ചർ മിൽക്, 33 ജീവൻ രക്ഷാമരുന്നുകൾ, റൊട്ടി,ചപ്പാത്തി,പൊറോട്ട, പനീർ,കടല, വ്യക്തിഗത ലൈഫ് ഇൻഷുറൻസ് എന്നിവയെയാണ് ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയത്. സാധാരണക്കാരെ മുൻനിർത്തിയുള്ള നടപടിയെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രതികരണം.
ഷാംപു, സോപ്പ് മുതൽ ടിവി, ചെറുകാറുകൾ, 350 സിസിയിൽ കുറവുള്ള ബൈക്കുകൾ, കാർഷിക ഉപകരണങ്ങൾ, ജൈവ കീടനാശിനികൾ,സിമെന്റ്, മാർബിൾ,ഗ്രാനൈറ്റ് തുടങ്ങി മുപ്പതോളം ഉൽപന്നങ്ങൾക്ക് വില കുറയും. പാൻ മസാല, പുകയില ഉൽപ്പന്നങ്ങൾ,ചൂയിങ് ടൊബാക്കോ,കോള, ഇടത്തരം-വലിയ കാറുകൾ എന്നിവയ്ക്ക് വില കൂടും.