ന്യൂഡൽഹി: ഇന്ധന നികുതി കുറക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ഉപതെരഞ്ഞെടുപ്പിന്‍റെ ഉപോൽപ്പന്നമാണ് ഇന്ധനവിലക്കുറവെന്നാണ് കേന്ദ്ര സർക്കാർ നടപടിയെ ചിദംബരം വിശേഷിപ്പിച്ചത്.’
ഉപതെരഞ്ഞെടുപ്പുകൾക്ക് ഒരു ഉപോൽപ്പന്നമുണ്ടായിരിക്കുന്നു. കേന്ദ്രം പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് തീരുവ കുറച്ചിരിക്കുന്നു’ എന്ന് പി. ചിദംബരം ട്വിറ്ററിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഉയർന്ന നികുതിയീടാക്കുന്നതാണ് ഇന്ധനവില ഉയരാൻ കാരണമെന്ന തങ്ങളുടെ വാദത്തിനുള്ള സ്ഥിരീകരണമാണിതെന്നും സർക്കാറിന്‍റെ അത്യാഗ്രഹം മൂലമാണ് ഉയർന്ന നികുതിയീടാക്കുന്നതെന്നും യ ചിദംബരം ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ 30 നിയമസഭ സീറ്റുകളിലേക്കും മൂന്ന് ലോക്സഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിലയിടങ്ങളിൽ ബിജെപിക്ക് ശക്തമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ കോൺഗ്രസിന് നില മെച്ചപ്പെടുത്താനായി.

 
                         
                         
                         
                         
                         
                        
