Headlines

ജമാ അത്തെ ഇസ്ലാമി വേദിയിൽ അരൂര്‍ എം എല്‍ എ ദലീമ; സിപിഐഎം പ്രതിരോധത്തിൽ

അരൂര്‍ എം എല്‍ എ ദലീമ ജോജോയും സി പി ഐ എമ്മിനോട് വിടപറയുകയാണോ ? പൊതു രംഗത്തുനിന്നും പിന്‍വാങ്ങുകയാണ് താനെന്ന സൂചനകള്‍ നൽകുകയാണ് ഗായികകൂടിയായ ദലീമ. സി പി ഐ എം നിരന്തരമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ സ്റ്റേജ് പങ്കിട്ടതോടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കയാണ് ദലീമ. ആലപ്പുഴയില്‍ ഇക്കഴിഞ്ഞ 11 ന് നടന്ന ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിലാണ് ദലീമ പങ്കെടുത്തത്.ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നുമാണ് ദലീമയുടെ വിശദീകരണം. ചാരിറ്റി പരിപാടികളില്‍ തുടര്‍ന്നും ആര് വിളിച്ചാലും പോകുമെന്നുള്ള ദലീമയുടെ പ്രതികരണം പുറത്തുവന്നിരിക്കയാണ്. സി പി ഐ എം ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകവെ പാര്‍ട്ടിയുമായി ആലോചിക്കാതെ പാര്‍ട്ടി എം എല്‍ എ അവരുടെ വേദി പങ്കിട്ടത് തെറ്റായ പ്രവണതയാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇത് രാഷ്ട്രീയ എതിരാളികള്‍ തിരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കുമെന്നതിനാല്‍ എം എല്‍ എയ്‌ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ജമാ അത്തെ ഇസ്ലാമിയുടെ പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയയില്‍ ദലീമ പങ്കെടുത്തത് പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ്. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതോടെ അരൂര്‍ സീറ്റില്‍ ദലീമയെ വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യതയും മങ്ങുകയാണ്. അരൂരില്‍ മുന്‍ മന്ത്രി ഡോ തോമസ് ഐസക്, അല്ലെങ്കില്‍ മുന്‍ എം പി ആരിഫ് എന്നിവരില്‍ ആരെയെങ്കിലും മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. ഇതാണ് ദലീമയെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എം എല്‍ എയെന്ന നിലയില്‍ വളരെ മോശം പ്രകടനമാണ് ദലീമ നടത്തിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അരൂരില്‍ വീണ്ടും ദലീമയെതന്നെ മത്സരിപ്പിച്ചാല്‍ സീറ്റ് നഷ്ടപ്പെടുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അരൂരില്‍ ബി ജെ പിയുടെ വോട്ട് ശതമാനം വര്‍ധിച്ചതിലും നേതൃത്വത്തിന് ആശങ്കയുണ്ട്. എടുത്തുപറയത്തക്ക വികസന പ്രവര്‍ത്തനങ്ങളൊന്നും ദലീമയുടെ നേതൃത്വത്തില്‍ നടന്നില്ലെന്ന ആരോപണവും പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നിരുന്നു.

പാര്‍ട്ടി സീറ്റ് നിഷേധിച്ചാല്‍ പൊതു പ്രവര്‍ത്തന രംഗത്തുനിന്നും പൂര്‍ണമായും മാറി നില്‍ക്കാനും, സംഗീത രംഗത്ത് സജീവമാവാനുമാണ് ദലീമയുടെ തീരുമാനം. ക്രിസ്റ്റ്യന്‍ ഭക്തിഗാന ആല്‍ബങ്ങളടക്കം നൂറുക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച ദലീമ, സ്വദേശത്തും വിദേശങ്ങളിലും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലം പിടിച്ചെടുക്കാനായി സി പി ഐ എം കണ്ടെത്തിയ സ്ഥാനാര്‍ഥിയായിരുന്നു ദലീമ. കോണ്‍ഗ്രസ് നേതാവും മുന്‍ അരൂര്‍ എം എല്‍ എയുമായ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു ദലീമ 6077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്ന ആദ്യ പിന്നണി ഗായിക കൂടിയായിരുന്നു ദലീമ.

2015 ല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ് ദലീമ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാിരുന്നു. 2021 അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് നിയമസഭാംഗമായി. രണ്ട് തവണ നിയമസഭാംഗമായ ദലീമ സി പി ഐ എമ്മിനോട് വിടപറയുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അടുത്ത തവണ അരൂര്‍ സീറ്റില്‍ ദലീമയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സി പി ഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.