ഇന്ന് ലോക വിനോദസഞ്ചാര ദിനം. ടൂറിസത്തിന്റെ പുനർരൂപകൽപ്പനയ്ക്ക് ഡിജിറ്റൽ അജണ്ടയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും എന്നതാണ് ഈ വർഷത്തെ പ്രമേയം. യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം 1980 മുതലാണ് ഈ ദിനം ആചരിക്കുന്നത്. ഓരോ യാത്രയും പുതിയ അറിവുകളും സൗഹൃദങ്ങളുമാണ് നമ്മൾക്ക് സമ്മാനിക്കുന്നത്. വിനോദസഞ്ചാരത്തെ കേവലം ഉല്ലാസയാത്ര എന്നതിലുപരിയായി സാമ്പത്തിക വളർച്ചയും സാംസ്‌കാരിക വിനിമയവും ഉറപ്പാക്കുന്ന ശക്തിയായാണ് ഇന്ന് ലോകം കാണുന്നു.
152 കോടി രാജ്യാന്തര വിനോദസഞ്ചാരികളാണ് കഴിഞ്ഞ വർഷം ലോകത്തെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചത്. ഇക്കൂട്ടത്തിൽ ലോകത്ത് ഏറ്റവുമധികം വിനോദസഞ്ചാരികളെത്തിയ രാജ്യം ഫ്രാൻസാണ്-മൊത്തം 10.2 കോടി പേർ. തൊട്ടുപിന്നിൽ സ്പെയിനും അമേരിക്കയുമാണുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവൽ ആന്റ് ടൂറിസം ഡവലപ്മെന്റ് ഇൻഡെക്സിന്റെ റിപ്പോർട്ട് പ്രകാരം 119 രാജ്യങ്ങളിൽ 39-ാം സ്ഥാനത്താണ് ഇന്ത്യ.
താജ്മഹൽ, വാരണാസി, ജയ്പുർ, ഗോവ, കേരളം, ഹിമാലയത്തിന്റെ സൗന്ദര്യം പേറുന്ന ലേ-ലഡാക്ക് എന്നിവയാണ് വിദേശ സഞ്ചാരികൾ ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ പ്രധാന ഇടങ്ങൾ. കോടി വിനോദസഞ്ചാരികളാണ് കഴിഞ്ഞ വർഷം കേരളത്തിലെത്തിയത്. 50,702 കോടി രൂപയാണ് വിനോദസഞ്ചാരത്തിൽ നിന്നുള്ള കേരളത്തിന്റെ വരുമാനം.






