Headlines

ജീന്‍തെറാപ്പിയാണ് ആ കുട്ടികള്‍ക്ക് എന്ന് അറിഞ്ഞിരുന്നില്ല, അതിന് ക്രൗഡ്ഫണ്ടിങ് നടത്തുന്നതില്‍ തെറ്റില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: കോഴിക്കോട്ടെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കുള്ള പണം സമാഹരിക്കാനുള്ള ക്രൗഡ്ഫണ്ടിങിനെതിരായ പ്രസ്താവന തിരുത്തി കെ മുരളീധരന്‍. ജീന്‍ തെറാപ്പിയാണ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ആ ചികിത്സയ്ക്ക് ക്രൗഡ്ഫണ്ടിങ് നടത്തുന്നതില്‍ തെറ്റില്ലെന്നും കെ മുരളീധരന്‍ വിശദീകരിച്ചു. ഇന്നലെ മാധ്യമങ്ങളുടെ ചോദ്യം ശരിയായിരുന്നില്ല. അപ്പോള്‍ തന്റെ ഉത്തരവും ശരിയായില്ല. എസ്എംഎ ചികിത്സയ്ക്ക് ക്രൗഡ്ഫണ്ടിങ് നടപ്പാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിന് മരുന്നുണ്ടല്ലോ എന്ന് പറഞ്ഞതാണ്. ജീന്‍ തെറാപ്പിയെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. (k muraleedharan clarifies his statement on sma crowd funding)

ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തില്‍ വ്യക്തതയില്ലാത്തതിനാലാണ് താന്‍ ആ മറുപടി പറഞ്ഞതെന്നാണ് കെ മുരളീധരന്റെ വിശദീകരണം. സര്‍ക്കാര്‍ നല്‍കുന്നത് തുടര്‍ മരുന്നുകളാണെന്നും ജീന്‍ തെറാപ്പി സംബന്ധിച്ച കാര്യങ്ങള്‍ കുടുംബത്തിന്റെ ആഗ്രഹം പോലെ മുന്നോട്ടുപോകട്ടെയെന്നും ക്രൗഡ്ഫണ്ടങില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൗഡ്ഫണ്ടിങിനെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തന്റെ പ്രസ്താവന മുരളീധരന്‍ മുമ്പ് തന്നെ തിരുത്തിയിരുന്നു. വ്യാപക വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹം തിരുത്തിയത്.

അതേസമയം മുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികള്‍ക്കുള്ള ധനസമാഹരണം 40 കോടി പിന്നിട്ടു. മൂന്നും കുട്ടികള്‍ക്കും കൂടി 50 കോടി രൂപയാണ് കണ്ടെത്തേണ്ടത്.ഒരാഴ്ചക്കുള്ളില്‍ 10 കോടി രൂപ കൂടി സമാഹരിക്കണം.കല്ലുരുട്ടി സ്വദേശികളായ അരുണ്‍-ഷാല്‍മി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥന്‍ മോസസ്, ഒലിവര്‍ ജോനോ എന്നീ കുട്ടികളുടെ ചികിത്സക്കാണ് 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്.