അടുക്കളയെ ലോക്‌ഡൗൺ ബാധിക്കാതിരിക്കാൻ സഹായവുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. മുൻഗണനാവിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ 1.54 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സൗജന്യ അരി മേയിൽ റേഷൻകടകളിൽ വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്ക് 60,000 കിറ്റുകളും നൽകും.
അതിഥി തൊഴിലാളികളുടെ കിറ്റിൽ
അഞ്ച് കിലോ അരി, രണ്ടു കിലോവീതം ആട്ട, കടല, ഒരു കിലോവീതം ഉരുളക്കിഴങ്ങ്, സവാള എന്നിവയാണ് അതിഥി തൊഴിലാളികളുടെ കിറ്റിൽ. അതിഥി തൊഴിലാളികളുടെ കിറ്റുകൾ വിതരണം ചെയ്യുന്നത് തൊഴിൽവകുപ്പിന്റെയും തദ്ദേശസ്വയംഭരണവകുപ്പിന്റെയും സഹകരണത്തോടെയായിരിക്കും.
കുട്ടികളുടെ കിറ്റിൽ
സ്‌കൂൾ കുട്ടികൾക്കുള്ള കിറ്റുകൾ സപ്ളൈകോ ഔട്ട്‌ലെറ്റുകളിൽ തയ്യാറായി. ഇവ സ്‌കൂളുകളിലെത്തിച്ച് ഉടൻ വിതരണം ചെയ്യും. 25 കിലോ അരിവീതം നേരത്തെ കൊടുത്തിരുന്നു. പയർ, കടല, പഞ്ചസാര, മുളകുപൊടി, പരിപ്പ്, ഉഴുന്ന് എന്നിവയാണിതിൽ.
എല്ലാവർക്കും സൗജന്യ കിറ്റ്
സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യകിറ്റ് മേയിലും എല്ലാ കാർഡുടമകൾക്കും ലഭിക്കും. ഭക്ഷ്യകിറ്റിൽ 12 ഇനം സാധനങ്ങൾ ഉണ്ടാകും. 86 ലക്ഷം ഭക്ഷ്യകിറ്റുകൾ സപ്ളൈകോ തയ്യാറാക്കിവരുന്നു.
കേന്ദ്രത്തിൽനിന്ന് അരി
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനാ പദ്ധതി പ്രകാരമാണ് മുൻഗണനാവിഭാഗത്തിൽപ്പെട്ട ഒരാൾക്ക് അഞ്ച് കിലോഗ്രാം അരിവീതം സൗജന്യമായി നൽകുന്നത്. 1.54 കോടി ഗുണഭോക്താക്കൾക്ക് മേയ്, ജൂൺ മാസത്തിൽ വിതരണം ചെയ്യുന്നതിനുള്ള 70,000 മെട്രിക് ടൺ അരി കേരള സർക്കാരിന് കൈമാറി. രാജ്യത്തെ 80 കോടി ഗുണഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.