ഛത്തീസ്ഗഡിലെ കോർബയിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 24 വയസ്സുള്ള ഹിമാൻഷു കശ്യപാണ് ആത്മഹത്യ ചെയ്തത്. പരീക്ഷാ സമ്മർദ്ദമാണ് മരണകാരണമെന്ന് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സഹപാഠികൾ ആണ് കശ്യപിനെ ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അധികാരികളെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം മുറിയിൽനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
കുറിപ്പിൽ പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ തനിക്ക് മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നതായി ഹിമാൻഷു സൂചിപ്പിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. താൻ കാരണം ആരും വിഷമിക്കേണ്ടതില്ലെന്നും കുറിപ്പിൽ പറയുന്നു. വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
ഡോക്ടർ ആവുക എന്നത് വലിയ സ്വപ്നമായിരുന്നുവെന്നും എന്നാൽ പഠനവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.