ശബരിമല സ്വർണപ്പാളി വിവാദത്തിൽ സത്യം കണ്ടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ഇപി ജയരാജൻ. ഇതാണ് സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെയും നിലപാട്. ഒരാളുടെയും വിശ്വാസത്തേയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടു നിക്കില്ല. ഒരു കുറ്റവാളിയെയും രക്ഷപെടാൻ അനുവദിക്കില്ല. വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷം ഉയർന്ന് വന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.
ഇതു വരെ പ്രതിപക്ഷം എവിടെയായിരുന്നു. അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കി. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഇപി ജയരാജൻ പറഞ്ഞു. ലക്ഷകണക്കിന് വിശ്വാസികളുടെ ആരാധന കേന്ദ്രമാണ് ശബരിമല. ആ ക്ഷേത്രത്തെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഇപി ജയരാജൻ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. ഒരു കുറ്റവാളികളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് അദേഹം പറഞ്ഞു.
അതേസമയം സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഗൂഢാലോചനയ്ക്ക് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ലെന്നും, ഉദ്യോഗസ്ഥരുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളിയിൽ കവർച്ച നടന്നെന്ന് ഇടക്കാല റിപ്പോർട്ടിൽ ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചു.