Headlines

‘കരൂർ ദുരന്തം ആരേയും പഴിചാരാനുള്ള സമയമായി എടുക്കരുത്; കൂടുതൽ ഉത്തരവാദിത്തം TVKയ്ക്ക്’; കമൽഹാസൻ

കരൂർ ദുരന്തം ആരേയും പഴിചാരാനുള്ള സമയമായി എടുക്കരുതെന്ന് മക്കൾ നീതി മയ്യം പ്രസിഡന്റും എംപിയുമായ കമൽഹാസൻ. ദുരന്തത്തിൽ
കൂടുതൽ ഉത്തരവാദിത്തം ടിവികെയ്ക്കാണ്. ടിവികെ വേറെ സ്ഥലം തിരഞ്ഞെടുത്തിരുന്നെങ്കിൽ ഇത്രയും വലിയ അപകടം ഉണ്ടാകില്ലായിരുന്നുവെന്നും കമൽഹാസൻ പറഞ്ഞു.

സെപ്റ്റംബർ 27-ന് ടിവികെ റാലയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “കരൂർ ദുരന്തത്തിലെ ഇരകൾക്ക് അനുശോചനം അറിയിക്കാനാണ് ഞാൻ വന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്, ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല,” കമൽ ഹാസൻ പറഞ്ഞു. “ഈ വിഷയത്തിൽ നമുക്ക് പക്ഷം പിടിക്കരുത്. നമുക്ക് പക്ഷം പിടിക്കണമെങ്കിൽ, നമുക്ക് ജനങ്ങളുടെ പക്ഷം പിടിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ആദ്യ സംസ്ഥാനവ്യാപക പര്യടനം മൂന്നാം ആഴ്ചയിൽ തന്നെ ദുരന്തത്തിൽ അവസാനിച്ചെങ്കിലും ദുരന്തത്തിൽ മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വീടുകൾ സന്ദർശിക്കാൻ വിജയ് ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ടിവികെ നേതാക്കാൾ മരിച്ചവരുടെ വീടുകൾ സന്ദ‍ർശിച്ചിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന്, മുതിർന്ന നേതാക്കളായ ബുസി ആനന്ദ് (ജനറൽ സെക്രട്ടറി), നിർമ്മൽ കുമാർ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി) എന്നിവർ ഒളിവിലാണ്. ജില്ലാ സെക്രട്ടറി മതിയഴകൻ ഉൾപ്പെടെ രണ്ട് ടിവികെ ഭാരവാഹികൾ അറസ്റ്റിലാണ്.