Headlines

കരൂർ ദുരന്തം; മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ആദ്യമായാണ് ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ വീടുകളിൽ എത്തുന്നത്. ടിവികെ കരൂർ ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. വിജയ് അപകടസ്ഥലത്ത് നിന്ന് മടങ്ങിയതിലും, അപകടശേഷം വേണ്ട നിർദേശങ്ങൾ നൽകാതിരുന്നതിലും കരൂരിലെ പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ടെന്നാണ് റിപ്പോർട്ട്.

വിജയ് ഉടൻ കരൂരിൽ എത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അപകടത്തിന്റെ ഇതുവരെയുള്ള അന്വേഷണറിപ്പോർട്ട് കരൂർ പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ടി വി കെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിർമൽ കുമാർ എന്നിവരുടെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

കരൂർ അപകടത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രിൻസിപ്പൽ ബെഞ്ച് അതിരൂക്ഷവിമർശനമാണ് വിജയ്ക്ക് എതിരെ നടത്തിയത്. അന്വേഷണ പുരോഗതിയിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി എസ്ഐടി രൂപീകരിക്കാൻ ഉത്തരവിട്ടത്.