തീരാദുരിതമായി കരൂർ; മൂന്ന് ടിവികെ നേതാക്കൾക്കെതിരെ കേസ്

തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മൂന്ന് ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകൻ, സംസ്ഥാന പര്യടനത്തിന്റെ ചുമതലയുള്ള നിർമൽ കുമാർ എന്നിവരുൾപ്പെടെ മൂന്ന് ടിവികെ നേതാക്കൾക്കെതിരെയാണ് കേസെടുത്തത്.

ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ ഒന്നര വയസുകാരൻ ഉൾപ്പെടെ 9 കുട്ടികളും 17 സ്ത്രീകളും മരണപ്പെട്ടു. നൂറിലേറെ പേർ ചികിത്സയിലാണ് അതിൽ അമ്പതിലേറെ പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നടൻ വിജയ് എത്താൻ വൈകിയതും പൊലീസ് മതിയായ സുരക്ഷ ഒരുക്കാത്തതുമാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പ്രതികരിച്ചു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുരന്തഭൂമി സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാവ് എടപ്പാടി പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കരൂർ മെഡിക്കൽ കോളേജ് സന്ദർശിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ്യുടെ ചെന്നൈയിലെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു.