തദ്ദേശ തിരഞ്ഞെടുപ്പ്: ആയിരം സീറ്റെങ്കിലും വേണമെന്ന നിലപാടിലുറച്ച് കേരള കോണ്‍ഗ്രസ് എം

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. ഇത്തവണ ആയിരം സീറ്റെങ്കിലും ലഭിക്കണമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. സീറ്റുകള്‍ വിട്ടുനല്‍കാന്‍ ഇല്ലെന്നും ചര്‍ച്ചയിലൂടെ സീറ്റ് വെച്ചുമാറാന്‍ തയ്യാറാണെന്നുമാണ് കേരള കോണ്‍ഗ്രസ് നിലപാട്.

കഴിഞ്ഞതവണ തിരഞ്ഞെടുപ്പിന് മുന്‍പാണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തില്‍ ഉള്ള സീറ്റ് ചര്‍ച്ചയില്‍ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാല്‍ ഇത്തവണ വിട്ടുവീഴ്ചകള്‍ വേണ്ട എന്നുള്ള നിലപാടിലാണ് കേരള കോണ്‍ഗ്രസ് എം. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടും. ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞതവണ പഞ്ചായത്തില്‍ 825 സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റ് എങ്കിലും ലഭിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് എം പറയുന്നത്.

മുന്നണിക്കുള്ളില്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറല്ല. ചര്‍ച്ചയിലൂടെ സീറ്റുകള്‍ വെച്ചു മാറാന്‍ തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് പറഞ്ഞുവെക്കുന്നു. ഇതിനോടകം മിക്ക ജില്ലകളിലും സീറ്റുകളില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന. കേരള കോണ്‍ഗ്രസിനെ പിണക്കാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് സിപിഎമ്മും ശ്രമിക്കുന്നത്. എന്നാല്‍ പലയിടങ്ങളിലും സിപിഐ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.