ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന് ജയം. ബൗണ്‍മൗത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. കളിയുടെ പത്താം മിനിറ്റില്‍ ഇവാനില്‍സണിലൂടെ ബൗണ്‍മൗത്ത് മുന്നിലെത്തിയെങ്കിലും തൊട്ടുപിന്നാലെ പതിനാറാം മിനിറ്റില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ഡോസ് സാന്റോസിലൂടെ ആര്‍സനല്‍ സമനില പിടിച്ചു. തുടര്‍ന്ന് 54-ാം മിനിറ്റിലും 71-ാം മിനിറ്റിലും ഇംഗ്ലീഷ് താരം ഡെക്ലയ്ന്‍ റൈസിന്റെ ഇരട്ടഗോളുകളില്‍ ഗണ്ണേഴ്‌സ് വിജയമുറപ്പിച്ചു. തുടര്‍ച്ചയായ ആറാം ജയത്തോടെ 48 പോയിന്റുമായി ഇപിഎല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആര്‍സനല്‍. 20 മത്സരങ്ങളില്‍ നിന്നാണ് 48 പോയിന്റ് ആര്‍സനല്‍ സ്വന്തമാക്കിയിരിക്കുന്നത്. ലീഗില്‍ ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രം പരാജയമറിഞ്ഞ ലിവര്‍പൂളിന് വെള്ളിയാഴ്ച ലിവര്‍പൂളുമായാണ് അടുത്ത മത്സരം.മറ്റൊരു മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആസ്റ്റണ്‍വില്ല തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റിനീയന്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍വല കാക്കുന്ന ആസ്റ്റണ്‍ വില്ലയുടെ വിജയം. പുതുവര്‍ഷ തലേന്ന് ആര്‍സനലിനോട് ഏറ്റ 4-1 ന്റെ വലിയ പരാജയത്തിന്റെ നിരാശ മറക്കാനാകുന്നതായിരുന്നു ഇന്നലത്തെ വില്ലയുടെ വിജയം. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഇംഗ്ലീഷ് താരം ഒലി വാറ്റ്കിന്‍സ് ആണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. സ്‌കോട്ട്‌ലാന്‍ഡ് താരം ജോണ്‍ മക്വിന്‍ 49-ാം മിനിറ്റിലും 79-ാം മിനിറ്റിലും ആസ്റ്റണ്‍വില്ലക്കായി വല ചലിപ്പിച്ചു. 61-ാം മിനിറ്റില്‍ ഇംഗ്ലീഷ്താരം ഗിബ്‌സ് വൈറ്റ് ആണ് നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഈ ജയത്തോടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന വില്ല 42 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇതുവരെ നാല് മത്സരങ്ങളില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: പട്ടികയിലെ മേധാവിത്വം വിട്ടുകൊടുക്കാതെ ആര്‍സനല്‍; ടേബിളില്‍ രണ്ടാമതെത്തി മാര്‍ട്ടിനസിന്റെ ആസ്റ്റണ്‍ വില്ല







