ഇംഗ്ലീഷ് പ്രീമിയര്‍ അടിപതറി വമ്പന്‍മാര്‍. ഇന്നലെ നടന്ന മത്സരങ്ങളില്‍ ആര്‍സനല്‍ തോല്‍വിയറിഞ്ഞപ്പോള്‍ ചെല്‍സിയും ലിവര്‍പൂളും സമനില വഴങ്ങി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആധികാരിക വിജയം കൈവന്നു. ആസ്റ്റണ്‍വില്ലയോടായിരുന്നു ആര്‍സനലിന്റെ പരാജയം. ആദ്യപകുതിയില്‍ 36-ാം മിനിറ്റില്‍ പോളണ്ട് താരം മാറ്റി കാഷ് കണ്ടെത്തിയ ഗോളില്‍ ആസ്റ്റണ്‍വില്ല മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ ബെല്‍ജിയം താരം ലീന്‍ഡ്രോ ട്രൊസാഡ് നേടിയ ഗോളില്‍ ആര്‍സനല്‍ സമനില പിടിച്ചു. എന്നാല്‍ പിന്നെയുള്ള ഓരോ നിമിഷങ്ങളും പൊരുതിക്കൊണ്ടിരുന്ന ആസ്റ്റണ്‍വില്ല താരങ്ങള്‍ മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ അവശേഷിക്കെ ഫലം കണ്ടെത്തി. 95-ാം മിനിറ്റില്‍ മാറ്റി കാഷിന് പകരക്കാരനായി എത്തിയ അര്‍ജന്റനീയന്‍ താരം എമിലിയാനോ ബ്യൂണ്ടിയ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ഗണ്ണേഴ്‌സിന്റെ വലയിലെത്തിച്ചു. ഫ്രഞ്ച് താരം കമാറയുടെ വകയായിരുന്നു പാസ്. അര്‍ജന്റീനിയന്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ മിന്നും സേവുകള്‍ കൂടി ആസ്റ്റണ്‍ വില്ലക്ക് വിജയവഴിയൊരുക്കി. ജയത്തോടെ ആസ്റ്റണ്‍ വില്ല പോയിന്റ് പട്ടികയില്‍ മൂന്നാമത് എത്തി.
ബേണ്‍മൗത്തിനോട് പൊരുതിക്കളിച്ചിട്ടും സമനിലയില്‍ കളം വിടേണ്ടി വരികയായിരുന്നു ചെല്‍സിക്ക്. പന്ത് കൂടുതല്‍ നേരം കൈവശം വെച്ചിട്ടും അതിന്റെ ആനുകൂല്യമൊന്നും ചെല്‍സിക്ക് ലഭിച്ചില്ല. എതിരാളികളുടെ വലയിലേക്ക് ഒരു പന്ത് പോലും എത്തിക്കാന്‍ കഴിയാതെ ഗോള്‍രഹിത സമനിലയായി ചെല്‍സി മടങ്ങുമ്പോള്‍ അവരുടെ രണ്ടാം സമനിലയായിരുന്നു അത്. നവംബര്‍ 30ന് ആര്‍സനല്‍-ചെല്‍സി പോരാട്ടവും 1-1 സമനിലയായിരുന്നു. വിജയം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ചെല്‍സി. മൂന്ന് തോല്‍വികളും രണ്ട് സമനിലയുമായി പതിമൂന്നാം സ്ഥാനത്താണ് ബേണ്‍മൗത്ത്.
മറ്റൊരു മത്സരത്തില്‍ ഗോളടിച്ച് കൂട്ടിയിട്ടും സമനിലയോടെ മടങ്ങാനായിരുന്നു ലിവര്‍പൂളിന്റെ വിധി. ലീഡ്‌സ് യുണൈറ്റഡുമായി 3-3 സ്‌കോറിലായിരുന്നു കളി അവസാനിപ്പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഹ്യൂഗോ എകിറ്റിക്കിയിലൂടെ രണ്ട് ഗോളിന്റെ ലീഡ് എടുത്ത ലിവര്‍പൂളിനെതിരെ 73-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഗോളില്‍ മറുപടി നല്‍കി തുടങ്ങി. കല്‍വര്‍ട്ട് ലെവിന്‍ ആണ് സ്‌പോട്ട് കിക്ക് മുതലെടുത്തത്. 75-ാം മിനിറ്റില്‍ ലീഡ്‌സ് യുണൈറ്റഡിന്റെ ജര്‍മ്മന്‍താരം ആന്റണ്‍ സ്റ്റാക് അവരുടെ രണ്ടാം ഗോള്‍ കണ്ടെത്തി. എന്നാല്‍ 80-ാം മിനിറ്റില്‍ ഷൊബോസ്ലായ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഓട്ടാങ്കയുടെ അവസാന നിമിഷ ഗോളില്‍ സമനിലയില്‍ മത്സരം അവസാനിക്കുകയായിരുന്നു. വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് ലിവര്‍പൂളിന് നഷ്ടമായത്. ലിവര്‍പൂള്‍ എട്ടാമതും ലീഡ്‌സ് യുണൈറ്റഡ് പതിനാറാമതുമാണ് പട്ടികയിലുള്ളത്.എന്തൊക്കെ സംഭവിച്ചാലും സണ്ടര്‍ലാന്‍ഡുമായുള്ള മത്സരം നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന വാശിയിലായിരുന്നു ഹാളണ്ടിന്റെയും സംഘത്തിന്റെയും നീക്കങ്ങള്‍. കച്ചക്കെട്ടി ഇറങ്ങിയതോടെ ആധികാരികമായി തന്നെ വിജയിച്ചു കയറാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി. സണ്ടര്‍ലാന്‍ഡിനെ കളിക്കാന്‍ വിട്ടാല്‍ കളി പഠിപ്പിക്കുമെന്ന് സിറ്റിക്കറിയാമായിരുന്നത് കൊണ്ട് തന്നെ പന്ത് ഏറെ നേരവും സിറ്റിയാണ് കൈവശം വെച്ചത്.
ഒത്തിണങ്ങിയുള്ള നീക്കങ്ങള്‍ ഏറെയുണ്ടായി. അതിന്റെ ഫലം ആദ്യപകുതിയില്‍ തന്നെ ലഭിച്ചു. ഫ്രഞ്ച് താരം ചെര്‍കിയുടെ പാസില്‍ പോര്‍ച്ചുഗല്‍ ഡിഫന്റര്‍ റൂബന്‍ ഡയസ് 31-ാം മിനിറ്റില്‍ സിറ്റിയുടെ ആദ്യഗോള്‍ കണ്ടെത്തി. നാല് മിനിറ്റുകള്‍ക്ക് ശേഷം ക്രൊയേഷ്യന്‍ താരം ജോസ്‌കോ ഗ്വാര്‍ഡിയോള്‍ രണ്ടാം ഗോള്‍ കണ്ടെത്തി. ഇംഗ്ലീഷ് താരം ഫിലിപ് ഫോഡന്റേതായിരുന്നു അസിസ്റ്റ്. രണ്ടാം പകുതിയിലെ 65-ാം മിനിറ്റില്‍ ചെര്‍കിയുടെ പാസില്‍ നിന്ന് ഫോഡനും കൂടി ഗോള്‍ നേടിയതോടെ സിറ്റിക്ക് വിജയം ഉറപ്പായി. സണ്ടര്‍ലാന്‍ഡിന്റെ ഇംഗ്ലീഷ് താരം ലൂകെ ഒനീന്‍ ചുവപ്പുകാര്‍ഡ് വാങ്ങിയത് അവസാനനിമിഷത്തിലായതിനാല്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെടാനായി. വിജയത്തോടെ 31 പോയിന്റോടെ സിറ്റി പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്ക് കയറി. രണ്ട് പോയിന്റിന്റെ വ്യത്യാസത്തില്‍ മാത്രമാണ് ആര്‍സനല്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേ സമയം സണ്ടര്‍ലാന്‍ഡ് പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ്






