കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ടിവികെയില്‍ ഭിന്നത. സിബിഐ അന്വേഷിക്കണമെന്നാണ് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ആവശ്യപ്പെടുന്നത്. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് എന്‍ ആനന്ദ്. ബിജെപി ടിവികെയെ വരുതിയിലാക്കാന്‍ ശ്രമിക്കും എന്നാണ് ആനന്ദിന്റെ പക്ഷം.
അതേസമയം, അപകടത്തില്‍ വിജയ്‌ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാട്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം നടപടിയെടുക്കാം എന്നാണ് നിലപാട്. കേസ് എടുക്കണമെന്ന് ഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കും എന്ന് സ്റ്റാലിന്‍ നിലപാടെടുത്തുവെന്നാണ് വിവരം. വിജയ്‌യെ കടന്നാക്രമിച്ച് പ്രതിരോധത്തില്‍ ആക്കിയാല്‍ ബിജെപി മുതലെടുക്കും എന്നും സ്റ്റാലിന്‍ പറഞ്ഞതായി ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതിനിടെ, കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബഞ്ച് നാളെ പരിഗണിക്കും. സംഭവത്തിന് പിന്നില്‍ ഡിഎംകെ ഗൂഢാലോചന ഉണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ടിവികെയുടെ ആവശ്യം. അതിനിടെ ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഡല്‍ഹിയില്‍ പോയതും ചര്‍ച്ചയാകുന്നുണ്ട്.
വിജയ്യെ വീണ്ടും വിമര്‍ശിച്ച് തമിഴ്നാട് സിപിഐഎം രംഗത്തെത്തി. പരിപാടിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ടിവികെ നേതാക്കളായ എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവര്‍ ഒളിവിലാണ്.
കരൂര്‍ ദുരന്തത്തില്‍ തന്റെ നേതൃത്വത്തില്‍ ഗൂഢാലോചനയുണ്ടായെന്ന ടിവികെ വാദം ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി തള്ളിയിരുന്നു. കൃത്യമയത്ത് വിജയ് എത്തിയിരുന്നെങ്കില്‍ അപകടമുണ്ടാകുമായിരുന്നില്ലെന്ന പറഞ്ഞ സെന്തില്‍ ബാലാജി റാലിയില്‍ സകല നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടെന്നും ആരോപിച്ചു.