അങ്കമാലിയിൽ വിദ്യാർത്ഥിനിയായ ജസ്‌ലിയയെ വാഹനം ഇടിച്ച സംഭവത്തിൽ പ്രതി ഡോക്ടർ സീറീയക് പി ജോർജ് കസ്റ്റഡിയിൽ. വാഗമൺ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.വാഗമണ്ണിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ റൂമെടുത്ത് താമസിക്കുകയായിരുന്നു. സിറിയക്കിന്റെ പിതാവിനെ പൊലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു.പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ജോർജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. ദിവസങ്ങൾക്ക് മുമ്പാണ് അമിത വേഗതയിലെത്തിയ കാറിടിച്ച് പെൺകുട്ടി മരിച്ചത്. പിന്നീട് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ് പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറവൂരിൽ നിന്ന് വാഹനം കണ്ടെത്തിയിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല.
കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറിയിരുന്നു.









