ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. ടെസ്റ്റ്, ടി20 പരമ്പര നേടിയ ഇന്ത്യ ഏകദിന പരമ്പരയും നേടി ആധിപത്യമുറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കൈവിട്ട പരമ്പരകള്‍ക്ക് പകരം ഏകദിന പരമ്പരയെങ്കിലും നേടി മടങ്ങാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.
രണ്ടാം ഏകദിനത്തില്‍ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് ബട്‌ലര്‍ക്കു കീഴില്‍ ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യയാവട്ടെ കഴിഞ്ഞ കളിയിലെ തോല്‍വി മറന്ന് വിജയവഴിയില്‍ തിരിച്ചെത്താമെന്ന ശുഭപ്രതീക്ഷയിലാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. പുതുമുഖ താരം സൂര്യകുമാര്‍ യാദവിന് ഈ മത്സരത്തിലും അരങ്ങേറ്റത്തിന് അവസരം ലഭിക്കാനിടയില്ല. എന്നാല്‍ ബൗളിങ് ലൈനപ്പില്‍ ഉറപ്പായും മാറ്റങ്ങളുണ്ടാവും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാളെ ഇന്ത്യ കളിപ്പിച്ചേക്കും.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം വെറും നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നിരുന്നു. മോര്‍ഗനില്ലാതെ ഇറങ്ങുന്ന ഇംഗ്ലണ്ട് നിരയെ ജോസ് ബട്ലറാണ് നയിക്കുന്നത്. മികച്ച ബാറ്റിങ് ലൈനപ്പാണ് ഇംഗ്ലണ്ടിനുള്ളത്. അതിനാല്‍ തന്നെ ടോസ് ലഭിച്ചാലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പോലെ ബൗളിങ് തിരഞ്ഞെടുക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്.