സിഡ്‌നി: ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യിലും വിജയം ഇന്ത്യക്ക്. ജയത്തോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി. സിഡ്‌നിയില്‍ നടന്ന മല്‍സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് ലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടി. ശിഖര്‍ ധവാന്‍ (52), ഹാര്‍ദ്ദിക്ക് പാണ്ഡെ (42), കോഹ്‌ലി ( 40), രാഹുല്‍ (30) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയത്തിന് നിദാനം. 36 പന്തില്‍ നിന്നാണ് ധവാന്‍ 52 റണ്‍സ് നേടിയത്.22 പന്തില്‍ നിന്നാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. 24 പന്തില്‍ നിന്നാണ് ക്യാപ്റ്റന്റെ വെടിക്കെട്ട്. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. ഈ ഓവറില്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ നേടിയ രണ്ട് സിക്‌സറുകളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഡാനിയേല്‍ സാം എറിഞ്ഞ ഓവറിലെ രണ്ടാമത്തെയും നാലാമത്തെയും പന്തുകള്‍ പാണ്ഡെ സിക്‌സറടിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഇന്നും് നിരാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. താരം 15 റണ്‍സിന് പുറത്തായി.
ടോസ് നേടിയ ഇന്ത്യ ഓസിസിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഓസിസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മാത്യൂ വെയ്ഡ് (58), സ്റ്റീവ് സ്മിത്ത് (46) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസിസ് 194 റണ്‍സെടുത്തത്. ഇന്ത്യക്കായി നടരാജന്‍ രണ്ട് വിക്കറ്റ് നേടി. ശ്രാദ്ദുല്‍ ഠാക്കൂര്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടിരുന്നു.